തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തിലധികം അംശാദായം അടയ്ക്കാത്തതുമൂലം അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് വന്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനം. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
2009 മുതല്‍ ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വം എടുത്തവരും പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിക്കാത്തവരും എന്നാല്‍ ഒരു വര്‍ഷത്തിലേറെ അംശാദായ അടവില്‍ വീഴ്ച വരുത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു. കുടിശിക തുക പൂര്‍ണമായും, ആകെ കുടിശിക തുകയുടെ 15 ശതമാനം മാത്രം പിഴയായും ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ നിലവില്‍ വരുമെന്നും ക്ഷേമനിധി അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ വിസാ സ്റ്റാമ്പിംഗ് ഡിജിറ്റലായതോടെ പാസ്പോർട്ടിൽ രേഖപ്പെടുത്താത്തതിനാൽ ക്ഷേമനിധി അംഗത്വം അനുവദിക്കുന്നതിന് ബദൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന ജന.സെക്രട്ടറി സലിം പള്ളിവിള, ട്രഷറർ സോമശേഖരൻ നായർ സെക്രട്ടറി ഡോ.റഷീദ് മഞ്ഞപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേമനിധി ബോർഡിന് അടുത്തിടെ നിവേദനം നൽകിയിരുന്നു. ക്ഷേമനിധി ബോർഡിന് വരുമാന വർദ്ധനവിനായി പ്രവാസി കോൺഗ്രസ് ലോക കേരളസഭയിൽ ഉൾപ്പെടെ നിർദ്ദേശിച്ച സി.എസ്.ആർ ഫണ്ടുകൾ ലഭ്യമാക്കുക, തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലവി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.
Source link