അയലയും മത്തിയും നെത്തോലിയും ഉൾപ്പെടെ മീനുകൾ സുലഭം,​ വിലയും കുറവ്,​ പക്ഷേ മത്സ്യത്തൊഴിലാളികൾ പറയുന്നത് ഇങ്ങനെ

മലപ്പുറം: വല നിറയെ മീനുണ്ടെങ്കിലും കാര്യമായ വില ലഭിക്കാതെ പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികൾ. കടലിലേക്ക് പോവുന്ന മത്സ്യത്തൊഴിലാളികൾ ചെറിയ അയല, മത്തി, ചെമ്പാൻ, മാന്തൾ, തളയൻ, നത്തോലി, അയക്കൂറ എന്നിവയുമായാണ് കരയ്‌ക്കെത്തുന്നത്. എന്നാൽ ലേലം വിളിയ്ക്കുമ്പോൾ ഇവയ്‌ക്കൊന്നും മതിയായ വില ലഭിക്കുന്നില്ല.

ഒരുകിലോ വലിയ അയലയ്ക്ക് വിപണിയിൽ 85 രൂപയെങ്കിൽ മത്സ്യതൊഴിലാളികൾക്ക് ലഭിക്കുന്നത് 30 രൂപ മാത്രം. ഒരു കിലോ മത്തിക്ക് 25 രൂപയും. ഇത് കിലോയ്ക്ക് 100 രൂപയ്ക്കാണ് കച്ചവടക്കാ‌ർ വിൽക്കുന്നത്. ഹാർബറിൽ നിന്ന് നത്തോലി 40 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാർ വാങ്ങുന്നത്. 100 രൂപയാണ് വിപണി വില. ചെമ്പാൻ വിപണിയിൽ 70 രൂപയുള്ളപ്പോൾ മത്സ്യതൊഴിലാളികൾക്ക് കിട്ടുന്നത് 20 രൂപ മാത്രം. 150 രൂപയുള്ള മാന്തളിന് 100 രൂപ കിട്ടുന്നത് മാത്രമാണ് ആശ്വാസം. ട്രോളിംഗ് നിരോധനത്തിന് ശേഷം വലിയ മത്തിയും വലിയ അയലയും വിരളമായേ ലഭിക്കുന്നുള്ളൂ. ചെമ്മീൻ ലഭ്യതയും കുറവാണ്.
ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ കടലിൽ പോകുന്നവരുടെ എണ്ണം വർദ്ധിച്ചതും മത്സ്യം സുലഭമായി ലഭിക്കുന്നതുമാണ് വിലക്കുറവിന് കാരണം. വലിയ ബോട്ടുകൾ ഏകദേശം 2,500 മുതൽ 5,000 കിലോ വരെ മീനുമായാണ് തിരിച്ചുവരുന്നത്.

പത്ത് തൊഴിലാളികൾ പോകുന്ന ബോട്ടിന് മൂന്ന് ദിവസത്തേക്ക് കടലിൽ പോവാൻ 1,200 ലിറ്റർ ഡീസലും 4,000 രൂപയുടെ ഭക്ഷണവും 10,500 രൂപയുടെ ഐസ് ബ്ലോക്കും ആവശ്യമാണ്. ചെലവിന്റെ പകുതിക്കുള്ള മത്സ്യം പോലും പലപ്പോഴും കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പിടിച്ച് നിൽക്കാനുള്ള ബുദ്ധിമുട്ട് കാരണം ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരുമുണ്ട്.

പ്രതിസന്ധിയായി മണ്ണെണ്ണ

മണ്ണെണ്ണ ലഭിക്കാതായതോടെ മത്സ്യത്തൊഴിലാളികൾ കരിഞ്ചന്തയിൽ നിന്ന് വാങ്ങിയാണ് കടലിൽ പോകുന്നത്. അവസരം മുതലാക്കി കരിഞ്ചന്തക്കാർ വില ഇരട്ടിയാക്കുന്നുണ്ട്. കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന മണ്ണെണ്ണയ്ക്ക് നേരത്തെ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും രണ്ട് തരം സബ്സിഡികൾ ഉണ്ടായിരുന്നു. നിലവിൽ സംസ്ഥാന സർക്കാരിന്റെ സബ്സിഡി മാത്രമേയുള്ളൂ.


ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകൾ അറ്റകുറ്റപ്പണി നടത്താനും ദൈനംദിന ചെലവുകൾക്കുമായി കടം വാങ്ങിയവരാണ് മിക്കവരും. മത്സ്യത്തിന് വില കുറഞ്ഞതോടെ എല്ലാവരും പ്രതിസന്ധിയിലാണ്. എങ്കിലും മീൻ ലഭ്യത കൂടുതലായതിനാൽ കടലിൽ പോകുന്നതിന് മുടക്കം വരുത്താറില്ല. വലിയ തുക മുടക്കി കടലിൽ പോകുമ്പോൾ മത്സ്യത്തിന് മതിയായ വില ലഭിക്കാത്തത് സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ടി.സുബൈർ, മത്സ്യത്തൊഴിലാളി


Source link
Exit mobile version