കാണാതായ പ്ളസ് വൺ വിദ്യാർത്ഥികൾ തടാകത്തിൽ മരിച്ച നിലയിൽ

ശാസ്താംകോട്ട: കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെളിനല്ലൂർ ചെങ്കൂർ തെക്കുംകര വീട്ടിൽ എസ്. നൗഷാദിന്റെയും (വെളിനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്) താഹിറ ബീഗത്തിന്റെയും (പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ, കോട്ടയം) മകൻ സെബിൻഷാ (16), പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ കെ.എം.എം.എൽ കരാർ ജീവനക്കാരൻ സുരേഷ് ബാബുവിന്റെയും പാരലൽ കോളേജ് അദ്ധ്യാപിക അർച്ചനയുടെയും മകൾ ദേവനന്ദ (17) എന്നിവരെയാണ് ഇന്നലെ രാവിലെ 11.30ഓടെ ശാസ്താംകോട്ട കായലിന്റെ ദേവസ്വം ബോർഡ് കോളേജിന് സമീപത്തെ കടവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ബാഗുകളും തടാകതീരത്ത് നിന്ന് ലഭിച്ചു. സ്കൂൾ ഐഡന്റിറ്റി കാർഡിൽ നിന്നാണ് രണ്ടുപേരെയും തിരിച്ചറിഞ്ഞത്.
സെബിൻഷാ കൊട്ടാരക്കര ബോയ്സ് എച്ച്.എസ്.എസിലും ദേവനന്ദ ഓടനാവട്ടം കെ.ആർ.ജി.പി.എം എച്ച്.എസ്.എസിലും പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു. ഇരുവരും മൈലോട് എച്ച്.എസിൽ ഒരുമിച്ചാണ് പഠിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെ ദേവനന്ദയുടെ രക്ഷിതാക്കളാണ് മകളെ കാണാനില്ലെന്ന പരാതിയുമായി ആദ്യം പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെബിൻഷായെയും കാണാനില്ലെന്ന വിവരം ലഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെ പൂയപ്പള്ളി ജംഗ്ഷനിലെത്തിയ ഇരുവരും ഒരുമിച്ച് കൊട്ടാരക്കര വഴി ശാസ്താംകോട്ടയിലേക്ക് പോയെന്ന് നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമായിരുന്നു. നൗദിൽഷാ, നിധിൻഷാ എന്നിവരാണ് സെബിൻഷായുടെ സഹോദരങ്ങൾ. ദേവനന്ദയുടെ സഹോദരൻ: ദേവഹർഷൻ. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
Source link