തിരുവനന്തപുരം: ഇന്ത്യയിലുടനീളം സംരംഭകർ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കൃഷ്ണ എല്ല പറഞ്ഞു. ബയോകണക്ട് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലൈഫ് സയൻസ് ഗവേഷണത്തിലും ബിസിനസ് സൗഹൃദ അന്തരീക്ഷത്തിലും കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ അഭിനന്ദനീയമാണ്. ലോകം നിപയെ പ്രതിരോധിക്കാൻ പാടുപെടുമ്പോൾ, കേരളം അതിവേഗം അതിന്റെ വ്യാപനം തടഞ്ഞു. ഒരു ഗ്രാമത്തിൽ പോലും ചെറിയൊരു വ്യവസായ യൂണിറ്റ് സ്ഥാപിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.
സംസ്ഥാനത്തിന്റെ വിപുലമായ ഗതാഗത ശൃംഖലയും ആരോഗ്യ സേവനങ്ങളും എല്ലാ കോണുകളിലും എത്തുന്നുണ്ട്. കേരളത്തിലേത് പോലെയുള്ള ആരോഗ്യ സംരക്ഷണ സംവിധാനം രാജ്യത്ത് മറ്റൊരിടത്തും കണ്ടെത്താനാവില്ല. ബയോടെക്നോളജിയിലും ഇന്നൊവേഷനിലും ശ്രദ്ധ കേന്ദ്രീകരിച്ച് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി.
കേരളത്തിൽ ഒരു വ്യവസായ യൂണിറ്റ് സ്ഥാപിച്ചതിന്റെ വ്യക്തിപരമായ അനുഭവവും ഡോ. എല്ല വെളിപ്പെടുത്തി. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് തന്റെ ഒരു പ്രോജക്ട് മാറ്റുന്നതിന് തീരുമാനിച്ചപ്പോൾ കേരളം നിക്ഷേപക സൗഹൃദമല്ലെന്നു പറഞ്ഞ് നിരവധി സഹപ്രവർത്തകർ എതിർത്തു. എന്നാൽ, മന്ത്രി പി.രാജീവുമായി നടത്തിയ കൂടിക്കാഴ്ച നിർണായകമായി. മന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച് ഒന്നു ശ്രമിച്ചുനോക്കാൻ തീരുമാനിച്ചു. കെ.എസ്.ഐ.ഡി.സി മുഖേന അപേക്ഷിച്ച് 89 ദിവസങ്ങൾക്കുള്ളിൽ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അലോട്ട്മെന്റ് ലഭിച്ചു. ഇതിനായി യാതൊരു ലോബിയിംഗും ആവശ്യമായി വന്നില്ല. ഒരു സാധാരണ പൗരനെപ്പോലെ അപേക്ഷിച്ചു. ആവശ്യമായ അനുമതികൾ വെറും 5 ദിവസത്തിനുള്ളിൽ ലഭിച്ചു.
Source link