ടൊറോന്റോ: കാനഡയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി രൂപീകരിക്കപ്പെട്ട മിസിസാഗ രൂപതയുടെ പത്താം വാർഷികാഘോഷത്തിന് ഇന്നു തുടക്കമാകും. ഇന്നു മുതല്‍ 2025 സെപ്റ്റംബര്‍ 20 വരെ നീളുന്ന ദശവത്സരാഘോഷമാണ് രൂപത ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം എഡ്മണ്ടന് വിശുദ്ധ അല്‍ഫോന്‍സ സീറോമലബാര്‍ ഫൊറോന പള്ളിയില്‍ ഇന്നു നടക്കും. ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കാനഡയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ഇവാന് ജെര്കോവിക് ഉദ്ഘാടനം ചെയ്യും. എഡ്മണ്ടന് ആര്‍ച്ച്ബിഷപ് റിച്ചാര്‍ഡ് വില്യം സ്മിത്ത് ലോഗോപ്രകാശനം നിര്‍വഹിക്കും. 2015 ഓഗസ്റ്റ് ആറിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ എക്സാര്‍ക്കേറ്റ് സ്ഥാപിച്ചത്. 2018 ഡിസംബര്‍ 22ന് എക്സാര്‍ക്കേറ്റിനെ മിസിസാഗ രൂപതയായി ഉയര്‍ത്തി. 2019 മേയ് 19ന് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാന്റെ സ്ഥാനാരോഹണവും നടന്നു.
രൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ച മൂന്നു വൈദികരെ കൂടാതെ 26 വൈദികര്‍ വിവിധ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്നു. മൂന്നു മഠങ്ങളിലായി ഒന്‍പത് സന്യാസിനിമാര്‍, പത്ത് വൈദിക വിദ്യാര്‍ഥികള്‍, നാല്പതിനായിരത്തോളം അത്മായ അംഗങ്ങള്‍, 18 ഇടവകകള്‍, 31 മിഷന് സ്റ്റേഷനുകള്‍, പതിമൂന്ന് കുര്‍ബാന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മിസിസാഗ രൂപത അതിവേഗം വളരുകയാണ്. രൂപത വികാരി ജനറല്‍ ഫാ. പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിക്കു നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാന വര്‍ഷ പ്രഖ്യാപനം മാര്‍ ജോസ് കല്ലുവേലില്‍ നടത്തും. നിരവധി കര്‍മപദ്ധതികളാണ് രൂപത ദശവത്സരാഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.
Source link