അർജുനെ കാത്ത് കണ്ണീരോടെ കണ്ണാടിക്കൽ
കോഴിക്കോട്: കുട്ടൻ ഇന്നെത്തും. നൂറുകൂട്ടം സ്വപ്നങ്ങൾ കാത്തുസൂക്ഷിച്ച കണ്ണാടിക്കലിലെ ആ വീട്ടിലേക്ക്. മുഖത്ത് പതിവ് ചിരിയും കളിയുമുണ്ടാകില്ല. വെള്ളപുതച്ച് മൂടിക്കെട്ടിയ ശരീരം ഒരു പേടകത്തിൽ വീട്ടുകോലായിൽ ഉറ്റവരുടെ സങ്കടപ്പെരുമഴയിൽ കിടക്കും. തണുത്ത് മരവിച്ച ശരീരം രാവിലെ 6 മണിയോടെ വീട്ടിലേക്കെത്തിക്കും. അതിന്മുമ്പേ ഒരു കണ്ണീർപ്പന്തൽ ഉയർന്നു. നാടിന്റേയും വീടിന്റേയും പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്കുകാണാൻ എല്ലാവരും അവിടെ കാത്തിരിപ്പുണ്ടാകും. അവർക്കിടയിലൂടെ ഒന്നു ചേർത്തുപിടിക്കാനോ പുഞ്ചിരിക്കാനോ കഴിയാതെ അർജുനെത്തും. മകനെ കാത്ത് മാതാപിതാക്കളായ ഷീലയും പ്രേമനും. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയും മകൻ അയാനും. സഹോദരങ്ങളും ബന്ധുക്കളും… അവർക്കൊപ്പം ഒരു നാട് മുഴുവൻ വിങ്ങിപ്പൊട്ടുകയാണ്. ആ വിലാപങ്ങൾക്ക് നടുവിലേക്കാണ് അർജുനുമായുള്ള ആംബുലൻസ് എത്തുക.
ഇന്നലെ വെെകീട്ട് മൂന്ന് മണിയോടെയാണ് ഡി.എൻ.എ ഫലം സ്ഥിരീകരിച്ചത്. ഉടനേ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കർണാടക സർക്കാർ ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കി വെെകിട്ട് 6 മണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. രാത്രി 7 മണിക്കുള്ളിൽ തന്നെ കേരളത്തിലേക്ക് തിരിച്ചു. കണ്ണാടിക്കലിലെ വീടു വരെ കർണാടക പൊലീസ് ആംബുലൻസിന് അകമ്പടി വരും.
പുലർച്ചെ അഞ്ചുമണിക്ക് കോഴിക്കോട് ജില്ലാ അതിർത്തിയായ വടകര അഴിയൂരിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഭൗതിക ദേഹം ഏറ്റുവാങ്ങും. കണ്ണാടിക്കലിൽ എത്തും മുമ്പ് പൂളാടിക്കുന്നിൽ നിന്ന് മോട്ടോർ തൊഴിലാളികളുടേയും ലോറിത്തൊഴിലാളികളുടേയും നേതൃത്വത്തിൽ വിലാപയാത്ര ആരംഭിക്കും. സംസ്‌കാരചടങ്ങിൽ മന്ത്രി എ.കെ ശശീന്ദ്രൻ പങ്കെടുക്കും.
വീടിന് പിന്നിലുള്ള ചെറിയ സ്ഥലത്താണ് അർജുന് ചിതയൊരുക്കുക. അന്ത്യകർമ്മങ്ങൾക്കായി ഐവർമഠത്തിൽ നിന്നുള്ളവരെത്തും. അർജുനെ കണ്ടെത്തിയെന്ന് അറിഞ്ഞ ദിവസം മുതൽ വീട്ടിലേക്ക് ആളുകളെത്തുന്നുണ്ട്. അർജുനെ കണ്ടിട്ടുപോലുമില്ലാത്ത, ഒരുപരിചയവും ഇല്ലാത്ത നിരവധി പേരാണ് എത്തുന്നത്. എന്തുപറഞ്ഞ് കുടുംബത്തെ സമാധാനിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും. മന്ത്രി കടന്നപ്പള്ളി. രാമചന്ദ്രൻ, ലോറി ഡ്രെെവർ മനാഫ് എന്നിവരും എത്തി.
Source link