ഗാലെ: ശ്രീലങ്കൻ ബാറ്ററായ കാമിന്ദു മെൻഡിസ് ക്രിക്കറ്റ് ഇതിഹാസമായ ഓസ്ട്രേലിയയുടെ മുൻ താരം സർ ഡോണ്‍ ബ്രാഡ്മാന്റെ നേട്ടത്തിനൊപ്പം. അതിവേഗത്തിൽ ടെസ്റ്റിൽ 1000 റണ്‍സ് എന്ന നേട്ടത്തിലാണ് കാമിന്ദു, ഡോണ്‍ ബ്രാഡ്മാന്റെ ഒപ്പമെത്തിയത്. ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ കാമിന്ദു മെൻഡിസ് 182 റണ്‍സുമായി പുറത്താകാതെ നിന്നു. 13-ാം ഇന്നിംഗ്സിൽ കാമിന്ദു ടെസ്റ്റിൽ 1000 റണ്‍സ് കടന്നു. 12 ഇന്നിംഗ്സിൽ 1000 റണ്‍സ് നേടിയ ഹെർബർട്ട് സട്ട്ക്ലിഫ്, എവർട്ടണ് വീക്സ് എന്നിവരുടെ പേരിലാണ് റിക്കാർഡ്.
അതേസമയം, അതിവേഗം 1000 റണ്‍സ് തികച്ച ഏഷ്യൻ താരങ്ങളിൽ കാമിന്ദു ഒന്നാമതെത്തി. 1994ൽ ഇന്ത്യയുടെ വിനോദ് കാംബ്ലി 14 ഇന്നിംഗ്സിൽ 1000 തികച്ചതായിരുന്നു ഏഷ്യൻ റിക്കാർഡ്. ദിനേശ് ചൻഡിമലും (116), കുശാൽ മെൻഡിലും (106 നോട്ടൗട്ട്) സെഞ്ചുറി നേടിയപ്പോൾ ശ്രീലങ്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 602 റണ്‍സ് എന്ന സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് രണ്ടാംദിനം അവസാനിപ്പിച്ചത് 22/2 എന്ന സ്കോറിലാണ്.
Source link