ന്യൂയോർക്ക്: ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തെത്തുടർന്ന് വടക്കൻ ഇസ്രയേലിൽനിന്ന് ഒഴിപ്പിച്ചുമാറ്റിയ പൗരന്മാരെ തിരിച്ചെത്തിക്കുന്നതുവരെ വിശ്രമമില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎൻ പൊതുസഭയിൽ വ്യക്തമാക്കി. ഇസ്രയേൽ വിജയിക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇറാന് ശക്തമായ മുന്നറിയിപ്പു നല്കി. അമേരിക്ക നിദേശിച്ച ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ പരാമർശിക്കാനേ നെതന്യാഹു തയാറായില്ല. 15 മിനിട്ടു നീണ്ട പ്രസംഗത്തിൽ ഗാസയിലെ ഹമാസിനെയും ലബനനിലെ ഹിസ്ബുള്ളയെയും ഇസ്രയേൽ പരാജയപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാൻ ലോകത്തിനു ഭീഷണിയാണ്. ഇറാന്റെ പ്രകോപനങ്ങൾ പശ്ചിമേഷ്യയിലെ ഓരോ രാജ്യത്തിനും ലോകത്തിനും അപകടകരമാണ്. ഇറാൻ അണ്വായുധം സ്വന്തമാക്കുന്നത് ലോകം തടയണം. ഇറാനെതിരേ ഉപരോധങ്ങൾ പുനഃസ്ഥാപിക്കണം. ഇറാൻ ആക്രമിച്ചാൽ ഇസ്രയേൽ തിരിച്ചടിക്കും. ഇസ്രയേലിന്റെ നീളമുള്ള കൈകൾക്ക് ലോകത്തെവിടെയും എത്താൻ കഴിയുമെന്ന് ഇറാൻ മനസിലാക്കണം. ഗാസ യുദ്ധത്തിൽ ഇസ്രേലി സേന പകുതിയിലധികം ഹമാസ് ഭീകരരെ കൊല്ലുകയോ പിടികൂടുകയോ ചെയ്തു. പലസ്തീൻ ജനതയെ ഗാസയിൽനിന്നു മാറ്റാൻ ഇസ്രയേലിന് ഉദ്ദേശ്യമില്ല. ഗാസയെ സൈനികമുക്തമാക്കുകയാണ് ലക്ഷ്യം. ഇസ്രയേലും ഗാസയും സമാധാനത്തിൽ പുലരണം. അതിന് ഗാസയിലെ സിവിലിയൻ ഭരണ സംവിധാനത്തെ സഹായിക്കാൻ ഇസ്രയേൽ തയാറാണ്.
ഇന്ത്യയിൽനിന്ന് പശ്ചിമേഷ്യയിലേക്കും ഇസ്രയേലിലേക്കുള്ള സാന്പത്തിക ഇടനാഴി അടയാളപ്പെടുത്തിയ ഭൂപടം പ്രദർശിപ്പിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. അനുഗ്രഹത്തിന്റെ ഭൂപടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ, സിറിയ, ലബനൻ എന്നീ രാജ്യങ്ങളെ ഇരുണ്ട നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം പ്രദർശിപിച്ച് ‘ശാപത്തിന്റെ ഭൂപടം’ ആണിതെന്നും കൂട്ടിച്ചേർത്തു. ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയ ഏബ്രഹാം ഉടന്പടി നെതന്യാഹു പരാമർശിച്ചു. സൗദിയുമായും ഇത്തരം ഉടന്പടി ഉണ്ടാകുന്നത് ഇരു രാജ്യങ്ങളുടെയും സാന്പത്തിക, സുരക്ഷാ മേഖലയ്ക്ക് അനുഗ്രഹമായിരിക്കും. ഇസ്രയേലും സൗദിയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഹമാസ് ഭീകരർ ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെതന്യാഹു പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ ലോകനേതാക്കളിൽ പലരും സദസിൽനിന്ന് എഴുന്നേറ്റു പോയി.
Source link