KERALAM

ഭരണഘടനാ  ചുമതലക്കാരിലും വിദ്വേഷ  പ്രചാരകർ: മുഖ്യമന്ത്രി

ആലുവ: ഭരണഘടനാച്ചുമതല വഹിക്കുന്നവരിൽ ചിലരും വിദ്വേഷ പ്രചാരകരായി മാറുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഇ.എം.എസ് പഠനകേന്ദ്രം ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് വർഗീയതയുടെയും വംശീയതയുടെയും പേരിൽ നടക്കുന്ന കലാപങ്ങൾക്കുള്ള മറുമരുന്നാണ് 100 വർഷം മുമ്പ് ശ്രീനാരായണഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനം. ഗുരു ചൂണ്ടിക്കാട്ടിയത് പോലെ എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് തിരിച്ചറിഞ്ഞാൽ കലാപം ഉണ്ടാകില്ല.

മനുഷ്യൻ മനുഷ്യനെ വെറുപ്പോടെ കണ്ടിരുന്ന കാലത്താണ് ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. ജാതിയില്ലാ വിളംബരം നടത്തിയ ഗുരുദേവനെ ഹിന്ദു സന്യാസിയാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഠനകേന്ദ്രം ചെയർമാൻ സി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. സാനു, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, സ്വാമി ധർമ്മചൈതന്യ, ഡോ. ഫസൽ ഗഫൂർ, ഡോ. ധർമ്മരാജ് അടാട്ട് എന്നിവർ സംസാരിച്ചു. പഠന കേന്ദ്രം സെക്രട്ടറി സി.എം. ദിനേശ് മണി, ഡയറക്ടർ സി.ബി. ദേവദർശനൻ, ട്രഷറർ എ.പി. ഉദയകുമാർ എന്നിവർ പങ്കെടുത്തു.

ശിവഗിരി മഠം നേതൃത്വം നൽകണം

ഗുരു സന്ദേശം ഫലപ്രദമായി പ്രചരിപ്പിക്കാൻ ശിവഗിരി മഠം നേതൃത്വം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ സമൂഹത്തിൽ ബോധപൂർവം മാറ്റങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. അത് മനസിലാക്കി തടയാൻ ഗുരു സന്ദേശം പ്രചരിപ്പിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ചതയദിനത്തിൽ ചെമ്പഴന്തിയിൽ നടന്ന സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവരുമായി സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ശിവഗിരിയിൽ പ്രവാസി സംഗമം നടന്നത്.

മുഖ്യമന്ത്രിക്ക് സ്ഫടിക ചിത്രം

ആദ്യ സർവമത സമ്മേളനത്തിൽ പങ്കെടുത്തയാളുടെ കൊച്ചുമകൻ മുഖ്യമന്ത്രിക്ക് ഗുരുദേവന്റെ സ്ഫടിക ചിത്രം സമ്മാനിച്ചു. തോട്ടക്കാട്ടുകര അടക്കാട്ട് തോപ്പിൽ പഴമ്പിള്ളി വീട്ടിൽ പരേതനായ ലോനൻ കുട്ടി മാപ്പിള 1924ൽ നടന്ന ആദ്യ സർവമത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചെറുമകൻ ജാവൻ ചാക്കോയാണ് മുഖ്യമന്ത്രിക്ക് ഇന്നലെ അദ്വൈതാശ്രമത്തിൽ നടന്ന സെമിനാറിൽ സ്വയം തയ്യാറാക്കിയ ചിത്രം സമ്മാനിച്ചത്. ലോനൻകുട്ടി മാപ്പിളയുടെ മകൻ പരേതനായ ലോനൻ ചാക്കോയുടെ മകനാണ് ജാവൻ ചാക്കോ.


Source link

Related Articles

Back to top button