അടച്ചാക്ഷേപിച്ച് അൻവർ, ‘മുഖ്യമന്ത്രി കെട്ടസൂര്യൻ’, കമ്മ്യൂണിസ്റ്റുകാർക്ക് വെറുപ്പ്, അൻവർ എൽ.ഡി.എഫ്  വിട്ടു, എം.എൽ.എ സ്ഥാനം ഒഴിയില്ല 

മലപ്പുറം: പിണറായി വിജയനെ കെട്ട സൂര്യനെന്ന് അധിക്ഷേപിച്ച ഇടതു സ്വതന്ത്ര എം.എൽ.എ പി.വി.അൻവർ,​ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയടക്കം ഗുരുതര ആരോപണമുന്നയിച്ച് മുന്നണി ബന്ധം ഉപേക്ഷിച്ചു. എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ല. ഇടത്തോ വലത്തോ ഇരിക്കാതെ നടുപക്ഷത്തിരിക്കുമെന്നും പറഞ്ഞു. ഭാവി പരിപാടി ഞായറാഴ്ച നിലമ്പൂരിൽ പ്രഖ്യാപിക്കും.

മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽ നിന്ന് പൂജ്യമായി താഴ്ന്നു. മുഖ്യമന്ത്രിയോട് കമ്മ്യൂണിസ്റ്റുകാർക്ക് വെറുപ്പാണ്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. നയതന്ത്ര സ്വർണക്കടത്ത് അടക്കം പരാമർശിച്ച് മുഖ്യമന്ത്രിയെ സംശയത്തിന്റെ മുൾമുനയിലും നിറുത്തി.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി അജിത്‌കുമാറിനെതിരെയും ആരോപണം കടുപ്പിച്ചു. ശശിയെ കാട്ടുകള്ളനെന്ന് വിളിച്ചു. കുടുംബത്തെ വളർത്തുകയാണ് മുഖ്യമന്ത്രി. മരുമകൻ റിയാസിനെ മാത്രമേ അദ്ദേഹം കാണുന്നുള്ളൂ. പിണറായി അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവും.

പുതിയ പാർട്ടി രൂപീകരിക്കാനുള്ള സാദ്ധ്യതയും അൻവർ തള്ളിയില്ല. യു.ഡി.എഫിലേക്കെന്ന് സൂചിപ്പിക്കുംവിധം ഗാന്ധി കുടുംബത്തെ പ്രകീർത്തിച്ചു. തന്റെ പിതാവിന് രാജീവ് ഗാന്ധിയുമായി ഉണ്ടായിരുന്ന ബന്ധവും എടുത്തുപറ‌ഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും പങ്കുവച്ചു. കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ പൊലീസിന്റെ പങ്ക് വെളിവാക്കാൻ രണ്ട് കാരിയർമാരുടെ വീഡിയോ സംഭാഷണവും പ്രദർശിപ്പിച്ചു. മുഖ്യമന്ത്രി വഞ്ചിച്ചു. കൊടുംചതിയാണ് നടത്തിയത്. കുറ്റവാളിയാക്കി പേടിപ്പിക്കാൻ നോക്കി. അൻവറിനെ പിടിച്ച് ഉള്ളിലാക്കുമെന്നാണ് പറഞ്ഞത്. പിടിക്കട്ടെ. ഗവർണർ അൻവറിനെപ്പറ്റി അന്വേഷിക്കാനല്ല കത്ത് നൽകിയത്. ഉമ്മാക്കി കാണിക്കാൻ ആരും വരേണ്ട. ഈ ഭൂമിയിൽ ആരോടെങ്കിലും കീഴ്പ്പെടുന്നുണ്ടെങ്കിൽ ദൈവത്തോടായിരിക്കും. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവന ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു.

പൊലീസിന്റെ ഏകപക്ഷീയവും വർഗീയവുമായ നിലപാടിനെ കുറേക്കാലമായി ഞാൻ ചോദ്യംചെയ്യുന്നുണ്ട്. സഖാക്കളെ അടിച്ചമർത്തൽ, പൊലീസിന്റെ ആർ.എസ്.എസ് വത്ക്കരണം എന്നിവയ്‌ക്കെതിരെ തനിക്ക് വികാരമുണ്ടായിരുന്നെന്നും അൻവർ പറഞ്ഞു. നിലമ്പൂർ ഗസ്റ്റ് ഹൗസിൽ വൈകിട്ട് 4.30ന് തുടങ്ങി രണ്ട് മണിക്കൂർ നീണ്ടു വാർത്താസമ്മേളനം.

ഗോവിന്ദനു പോലും

മിണ്ടാൻ പറ്റാതായി

 മുഖ്യമന്ത്രിക്കും കുടുംബത്തിനും യൂറോപ്പിൽ പോകാൻ കോടിയേരിയുടെ സംസ്കാരം നേരത്തെ നടത്തി. അന്ത്യയാത്ര ഇല്ലാതാക്കി

 പാർട്ടി പാർട്ടി എന്നു പറഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തി. ആർക്കെതിരെയും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ

 സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ ഗതി ഇങ്ങനെയെങ്കിൽ ബാക്കിയുള്ളവരുടെ ഗതിയെന്താണ്?​

 എല്ലാവരും അടിമകളായി നിൽക്കണം. ഇത് കമ്യൂണിസ്റ്റ് പാർട്ടിയല്ല

 പിണറായിയെ നയിക്കുന്നത് ഉപജാപക സംഘം. ഒന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്

 അജിത്കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്. സൺ ഇൻ ലോ ആയിരിക്കും ഇതിനു കാരണം

ഈ ഒരു മനുഷ്യനു വേണ്ടി പാർട്ടി സംവിധാനം തകർക്കരുത്. അതിനു പാർട്ടി കൂട്ടുനിൽക്കണോ?​

അജിത്കുമാറിനോട് നിർദ്ദേശിച്ചിട്ടാവും ബി.ജെ.പിക്ക് സീറ്റുണ്ടാക്കിക്കൊടുത്തത്. ഇത് പുറത്തുവരണം

 എ‍.ഡി.ജി.പി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ?​

 റിയാസിനു വേണ്ടി അൻവറിന്റെ നെഞ്ചത്തോട്ട് വന്നാൽ നടക്കില്ല

പാർട്ടി നല്ലവരുടെ

കൈയിലാവണം

മുഖ്യമന്ത്രിയുടെ ഓഫീസ് നിൽക്കുന്നത് അഗ്നിപർവ്വതത്തിന്റെ മുകളിൽ. കെട്ടവരുടെ കൈയിൽ നിന്ന് നല്ലവരുടെ കൈയിലേക്ക് പാർട്ടി വരണം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഈ തോന്ന്യാസം നടക്കുമോ. പാർട്ടിയെന്നാൽ സഖാക്കളാണ്. അതിനു മുകളിലുള്ള മേൽക്കൂര മാത്രമാണ് നേതാക്കൾ. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപ്പർ നേതാക്കളാണ്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഈ മൈക്കുമായി ഇരിക്കേണ്ടി വരില്ലായിരുന്നു. കേരളം മുഴുവൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.

സ്വർണക്കടത്തിൽ

വെല്ലുവിളി

സിറ്റിംഗ് ജഡ്ജിയെ കൊണ്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അൻവർ. സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് കരിപ്പൂരിലെ 158 സ്വർണക്കടത്ത് കേസുകൾ പുനരന്വേഷിക്കാൻ തയ്യാറാണോ. പൊലീസ് പിടികൂടുന്ന സ്വർണത്തിന്റെ പകുതിപോലും കസ്റ്റംസിന് കിട്ടുന്നില്ല. 30 – 50 ശതമാനം സ്വർണം വിഴുങ്ങുകയാണ്. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.


Source link
Exit mobile version