കീഴ്ക്കോടതികൾക്ക് താക്കീത്, ഹൈക്കോടതി സ്റ്റേയുണ്ടെന്ന് കേട്ടപാടെ കേസ് മാറ്റരുത്
സ്റ്റേ പകർപ്പ് കണ്ട് തീരുമാനിക്കണം
കൊച്ചി: ഹൈക്കോടതിയുടെ സ്റ്റേയോ ഇടക്കാല ഉത്തരവോ ഉണ്ടെന്ന് കക്ഷികൾ പറയുന്നത് മാത്രം കേട്ട് കേസ് മാറ്റിവയ്‌ക്കരുതെന്ന് കീഴ്ക്കോടതികൾക്ക് കർശന നിർദ്ദേശം. സ്റ്റേ ഉത്തരവിന്റെ പകർപ്പോ കക്ഷികളുടെ സത്യവാങ്മൂലമോ കണ്ടിട്ടേ തീരുമാനമെടുക്കാവൂ. അല്ലാത്തപക്ഷം വിഷയം ഗൗരവമായെടുക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കേസിന്റെ നിലവിലെ സ്ഥിതി ഹൈക്കോടതി വെബ്സൈറ്റിൽ ആർക്കും പരിശോധിക്കാമെന്നിരിക്കെ ഈ വീഴ്ച അനുവദിക്കാനാകില്ല. ജില്ലാ ജുഡിഷ്യറിക്ക് കീഴിലുള്ള കോടതികൾക്കായി കർശന മാർഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.
ഒട്ടേറെ കേസുകളാണ് സ്റ്റേയുടെ പേരിൽ മാറ്റിവയ്ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏഴു വർഷം നീണ്ട ക്രിമിനൽ കേസ് പരിഗണിക്കവേയാണ് നിരീക്ഷണം. തൃശൂർ സി.ജെ.എം കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. ഈ കേസിൽ ഹർജിക്കാരെ അറസ്റ്റ് ചെയ്യരുതെന്ന നിർദ്ദേശം മാത്രമാണ് ഏഴു വർഷം മുമ്പ് ഉണ്ടായത്. എന്നാൽ സ്റ്റേയുണ്ടെന്ന പേരിൽ നടപടികൾ നീണ്ടു. ഹൈക്കോടതി റിപ്പോർട്ട് തേടിയപ്പോൾ, താൻ പുതുതായി ചാർജെടുത്തതാണെന്നും സ്റ്റേ ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് അറിയിച്ചത്. കക്ഷികളെ കേട്ട് വിചാരണക്കോടതി ആറാഴ്ചയ്‌ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
സ്ഥിതി വെബ്സൈറ്റിൽ
പരിശോധിക്കണം
സ്റ്റേ ഉണ്ടെങ്കിൽ പകർപ്പും കേസ് നമ്പരും കക്ഷികൾ സമർപ്പിക്കണം. കോടതി ഓഫീസ് അത് ഹൈക്കോടതി വെബ്സൈറ്റിൽ പരിശോധിക്കണം
സ്റ്റേ നീട്ടിയ കേസിൽ പകർപ്പ് ഹാജരാക്കാത്തവരിൽ നിന്ന് മൂന്ന് മാസത്തിലൊരിക്കൽ പ്രസ്താവന വാങ്ങണം. സ്റ്റേ തുടരുന്നെന്ന് ഉറപ്പാക്കാനാണിത്
സ്റ്റേയുണ്ടെന്ന് വിചാരിച്ച് കേസ് മാറ്റിവയ്ക്കുകയും ഇങ്ങനെയൊരു വിഷയം ഇല്ലാതിരിക്കുകയും ചെയ്താൽ ഹൈക്കോടതി ഗൗരവമായെടുക്കും
നടപടികൾ കേസ് മാനേജ്മെന്റ് സിസ്റ്റത്തിലും കേസ് ഇൻഫർമേഷൻ സിസ്റ്റത്തിലും രേഖപ്പെടുത്തിയെന്ന് ജില്ലാ ജുഡിഷ്യറി ഉറപ്പാക്കണം
Source link