കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പയ്യന്നൂർ: മുൻ ഉദുമ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ (76) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെ.പി.സി.സി അംഗമാണ്. സംസ്കാരം ഇന്നുരാവിലെ 11ന് മൂരിക്കൊവ്വൽ ശക്തിസ്ഥലയിൽ.
കഴിഞ്ഞ 4ന് ഉച്ചയ്ക്ക് കാഞ്ഞങ്ങാട്ട് ഒരു യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്തുവച്ച് കാർ ഡിവൈഡറിൽ ഇടിച്ച് വാരിയെല്ലിന് സാരമായി പരിക്കേറ്റിരുന്നു.
1987ൽ നടന്ന തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. കെ.കരുണാകരന്റെ അടുത്ത അനുയായി ആയിരുന്ന കുഞ്ഞിക്കണ്ണൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിന്റെ പ്രധാന നേതാവായി. കരുണാകരൻ കോൺഗ്രസിലേക്ക് തിരിച്ചെത്തിയപ്പോൾ ഒപ്പം കുഞ്ഞിക്കണ്ണനുമെത്തി.
പരേതരായ ആനിടിൽ കുഞ്ഞമ്പു പൊതുവാളിന്റെയും കടവത്ത് പുത്തലത്ത്കുഞ്ഞങ്ങ അമ്മ
യുടെയും മകനാണ്. പയ്യന്നൂർ കാറമേലിൽ പ്രിയദർശിനിയിലാണ് താമസം. ഭാര്യ: കെ.സുശീല (റിട്ട.പ്രധാനാദ്ധ്യാപിക, കാറമേൽ എ.എൽ.പി സ്കൂൾ). മക്കൾ: കെ.പി.കെ.തിലകൻ (പ്രതിപക്ഷ നേതാവിന്റെ അഡി. പ്രൈവറ്റ് സെക്രട്ടറി), കെ.പി.കെ.തുളസി (അദ്ധ്യാപിക,സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, പയ്യന്നൂർ). മരുമക്കൾ: അഡ്വ.വീണ എസ്.നായർ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്).
Source link