കണ്ണൂർ: സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ജനങ്ങൾ ഇന്നും മിസ് ചെയ്യുന്നുണ്ടെന്ന് ഭാര്യ വിനോദിനി. വലിയ പ്രശ്നങ്ങൾ വരുമ്പോൾ അത് ലഘൂകരിച്ച് കൊണ്ടുപോകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വിനോദിനി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കോടിയേരിയുടെ ഫോൺ ഇപ്പോഴും തന്റെ കൈയിലുണ്ടെന്ന് വിനോദിനി പറയുന്നു. അതിലേക്ക് നൂറ് കണക്കിന് കോളുകൾ വരാറുണ്ട്. ഞങ്ങൾ ഞങ്ങളുടെ സഖാവിനെ ഓർമിക്കുന്നു, അതുകൊണ്ട് വിളിക്കുന്നുവെന്ന് പറഞ്ഞാണ് ആൾക്കാർ വിളിക്കാറെന്നും അവർ വ്യക്തമാക്കി.
മക്കൾക്ക് വേണ്ടി കോടിയേരി പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും വിനോദിനി വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അർഹിക്കുന്ന ശിക്ഷ അനുഭവിക്കട്ടേയെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ മരണമാണ് തങ്ങൾക്കുണ്ടായ വലിയ നഷ്ടമെന്നും അവർ കൂട്ടിച്ചേർത്തു.
കോടിയേരി ബാലകൃഷ്ണൻ അവസാനമായി പറഞ്ഞ കാര്യങ്ങളും വിനോദിനി വെളിപ്പെടുത്തി. ‘ആശുപത്രിയിൽ നിന്ന് പെട്ടന്ന് ബോധം മറഞ്ഞതുപോലെയായി. കുട്ടികൾ എല്ലാവരും കൂടി വിളിച്ചു. എഴുന്നേറ്റ് കഴിഞ്ഞപ്പോൾ എല്ലാവരെയും റൂമിൽ നിന്ന് പുറത്തിറക്കാൻ പറഞ്ഞു. എന്നെ മാത്രം അവിടെ നിർത്തി, ചിലപ്പോൾ നീ ഒറ്റക്കായിപ്പോകുമെന്ന് എന്നോട് പറഞ്ഞു. അങ്ങനെ പറയാൻ ഞാൻ സമ്മതിച്ചില്ല. കൈപിടിച്ചു. അപ്പോൾ എന്റെ കൈ തട്ടിയിട്ട് പറഞ്ഞു, ചിലപ്പോൾ ഒന്നുമുണ്ടാകില്ല, എന്നാലും പറയട്ടേ, ഒറ്റക്കായിരിക്കും നീ ഉണ്ടാകുക, ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണം. ആരും കൂടെയുണ്ടാകില്ല. ഒറ്റയാളെയും ആശ്രയിക്കരുത്, അങ്ങനെ വേണം ജീവിക്കാനെന്ന് പറഞ്ഞു. ഒരാളുടെയടുത്തും ഒരാവശ്യത്തിനും പോകരുതെന്ന് ഉറച്ച് തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് ഒഴിഞ്ഞുകിടന്ന വീടുകളിൽ ഹോസ്റ്റലൊക്കെ നടത്തുന്നു. പത്ത് മുപ്പത് പെൺകുട്ടികൾ താമസിക്കുന്നുണ്ട്. എന്നോട് പറഞ്ഞ വാക്ക് ഞാൻ അക്ഷരംപ്രതി പാലിക്കുന്നുണ്ട്. നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.’- വിനോദിനി പറഞ്ഞു.
Source link