കരുമാല്ലൂരിലെ ഗോഡൗണിൽ നിന്ന് 75 ലക്ഷത്തിന്റെ പടക്കം മോഷ്ടിച്ചു

കരുമാല്ലൂർ: ബർമ്മ ഫയർ വർക്സിന്റെ കരുമാല്ലൂർ പഞ്ചായത്തിലെ ആനച്ചാലിലെ ഗോഡൗണുകളും വില്പനശാലയും കുത്തിത്തുറന്ന് 75 ലക്ഷത്തോളം രൂപയുടെ പടക്കശേഖരം കവർച്ച ചെയ്തു. പടക്കനിർമ്മാണം നിറുത്തിവച്ചിരുന്നതിനാൽ ഫാക്ടറിയും കടകളും ദിവസവും തുറക്കാറില്ല. അതിനാൽ എന്നാണ് മോഷണമെന്ന് വ്യക്തമല്ല. മാനേജിംഗ് പാർട്ണർ പെരുമ്പടന്ന കണ്ണാത്തുശ്ശേരിൽ രമണി രാമകൃഷ്ണന്റെ മകളുടെ ഭർത്താവ് ജീവൻ ഇന്നലെ രാവിലെ 11ന് സ്ഥാപനത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ദീപാവലി വില്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന പടക്കങ്ങളായിരുന്നു ഇവ.

പറവൂർ – ആലുവ റോഡിനോട് ചേർന്നാണ് വില്പന കേന്ദ്രം പ്രവർത്തിക്കുന്നത്.ഇവിടെ നിന്ന് ഒരു കിലോ മീറ്റർ അകലെ ആനച്ചാൽ തോടിനോട് ചേർന്നാണ് നിർമ്മാണ ശാലയും രണ്ട് സംഭരണ കേന്ദ്രങ്ങളും. രണ്ട് സംഭരണ കേന്ദ്രങ്ങളിൽ ഒന്നിന്റെ വാതിൽ പൂർണമായും തകർത്ത മോഷ്ടാക്കൾ മറ്റൊരു സംഭരണ കേന്ദ്രത്തിലെ വാതിലിന്റെ ഒരു ഭാഗം അറുത്തുമാറ്റിയാണ് അകത്തു കടന്നത്. വില്പനശാലയുടെ പിന്നിലെ ഷട്ടർ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ സി.സി ടിവി ക്യാമറകൾ കേടുവരുത്തുകയും ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടു പോവുകയും ചെയ്തു. അലമാര കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 2000 രൂപയും കവർന്നു. എ.സി ഊരിമാറ്റി പറമ്പിൽ ഉപേക്ഷിച്ചു.

മോഷ്ടിച്ച പടക്കങ്ങൾ പിന്നിലുള്ള തോട്ടിലൂടെ വഞ്ചിയിൽ കടത്തിക്കൊണ്ടു പോയെന്നു കരുതുന്നു. ദീപാവലിക്കു ശേഷം സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മോഷണം.

രമണി രാമകൃഷ്ണൻ പരാതി നൽകിയതിനെ തുടർന്ന് ആലുവ വെസ്റ്റ് പൊലീസ് പരിശോധന നടത്തി.


Source link
Exit mobile version