ബുള്ളറ്റ് മോഷ്ടാവ് പിടിയിൽ
അബ്ദുൾ നസീർ
ആലുവ: പകൽ കറങ്ങിനടന്ന് ബുള്ളറ്റ് കണ്ടുവച്ചശേഷം രാത്രി മോഷ്ടിക്കുന്ന കീഴ്മാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാസർകോട് നീർചാൽ ഭാഗത്ത് ടിപ്പു മൻസിൽ അബ്ദുൾ നസീറിനെ (30) ആലുവ പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ 19ന് പുലർച്ചെ ആലുവ പവർഹൗസ് ജംഗ്ഷന് സമീപം ജീനോയുടെ ബുള്ളറ്റ് വീട്ടുമുറ്റത്തുനിന്ന് കാണാതായതിനെ തുടർന്ന് ആലുവ പൊലീസ് കേസെടുത്തിരുന്നു. ഓൺലൈൻ ഫുഡ് ഡെലിവറി ജോലിചെയ്യുന്ന ഇയാൾ പകൽ ഇടവഴികളും വീടും മറ്റും മനസിലാക്കി രാത്രിയിൽ കുടുംബമായി കറങ്ങുന്നതാണ് രീതി.
19ന് പുലർച്ചെ നസീർ കുടംബസമേതം മറ്റൊരു ആക്ടീവ സ്‌കൂട്ടറിലാണ് ആലുവ ടൗൺ ഭാഗത്തെത്തിയത്. പിന്നീട് ഇയാൾ സ്‌കൂട്ടർ ടൗണിൽ ഒളിപ്പിച്ചശേഷം കുടുംബത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിറുത്തി. തുടർന്ന് ബുള്ളറ്റ് മോഷ്ടിച്ച് തിരികെയെത്തി കുടുംബത്തെയും കയറ്റിപ്പോവുകയുമായിരുന്നു. പകൽ തിരികെയെത്തി ഇയാളുടെ സ്‌കൂട്ടറും കൊണ്ടുപോയി. പിന്നീട് കോയമ്പത്തൂരിലേക്ക് കടന്നു.
25ന് മുപ്പത്തടം ഭാഗത്ത് മോഷണത്തിനായി കറങ്ങിനടക്കുന്ന സമയത്താണ് നസീറിനെ പൊലീസ് പിടികൂടിയത്. മോഷണംപോയ ബുള്ളറ്റും പൊലീസ് കണ്ടെടുത്തു.
സോഷ്യൽ മീഡിയയിലെ പരസ്യംകണ്ട് ടുവീലറുകൾ വടകയ്‌ക്കെടുത്ത് ഉടമ അറിയാതെ മറിച്ച് വില്പന നടത്തുന്നത്തിനായി സൂക്ഷിച്ചിരുന്ന മറ്റൊരു ബുള്ളറ്റും ആക്ടിവയും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link