ബംഗളൂരു: ഷിരൂരിലെ നീണ്ടനാളത്തെ തെരച്ചിലിനൊടുവിൽ ഗംഗാവലിപ്പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയ അർജുന്റെ മൃതദേഹത്തിന്റെ ഡിഎൻഎ ഫലം ഇന്ന് വന്നേക്കില്ല. അതിനാൽ, മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്റെ വീഴ്‌ചയാണ് സാമ്പിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്.
അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൻ വിവരം ലഭിച്ചാൽ തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോവുക.
അർജുനെ കാണാതായതിന്റെ 71-ാം ദിവസമാണ് ലോറിയുടെ അവശിഷ്ടം കണ്ടെടുക്കാൻ കഴിഞ്ഞത്. ഡ്രഡ്ജർ ഉപയോഗിച്ചാണ് ലോഹഭാഗം കരയിലേക്ക് അടുപ്പിച്ചത്. കരുതിയിരുന്നത് പോലെ അഴുകിയ നിലയിലാണ് മൃതദേഹം കിട്ടിയത്. എസ്ഡിആർഎഫിന്റെ ബോട്ടിൽ മൃതദേഹാവശിഷ്ടം കരയിലെത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ തെരച്ചിൽ പലപ്പോഴും അനിശ്ചിതത്വത്തിൽ തുടർന്നപ്പോഴും, ഡ്രഡ്ജർ എത്തിച്ചുളള തെരച്ചിലിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷയാണ് ഇപ്പോൾ ദുഃഖകരമായ അന്ത്യത്തിലെത്തിയത്.
അർജുൻ ഉൾപ്പെടെ പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. എഴുപേരുടെ മൃദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അർജുൻ ജൂലായ് എട്ടിനാണ് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ലോറിയുടെ ജി പി എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അർജുനെ കാണാനില്ലെന്ന വിവരം നാട്ടിൽ അറിഞ്ഞത്.
Source link