എം.പി. പ്രദീപ്കുമാർ | Friday 27 September, 2024 | 2:11 AM
ന്യൂഡൽഹി: പീഡനക്കേസിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ സംസ്ഥാന സർക്കാർ നീക്കം. സിദ്ദിഖിനെതിരെ ശക്തമായ തെളിവുകൾ അടക്കം ഹാജരാക്കും. മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ രഞ്ജിത് കുമാറുമായി സർക്കാർ അഭിഭാഷകൻ നിഷെ രാജൻ ശങ്കർ കൂടിയാലോചന നടത്തി. രഞ്ജിത് കുമാറാകും സർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാവുക.
അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്ന് കേസ് ഫയലുകൾ വിമാനത്തിൽ അടിയന്തരസ്വഭാവത്തോടെ ഡൽഹിയിലെത്തിക്കും. സുപ്രധാനരേഖകൾ ഡൽഹിക്ക് ഫാക്‌സ് ചെയ്‌തതായും സൂചനയുണ്ട്. കേസിൽ ഇതുവരെ ശേഖരിച്ച നിർണായക തെളിവുകൾ കോടതിക്ക് കൈമാറും.
അതേസമയം, ഹൈക്കോടതി മുഖവിലയ്‌ക്കെടുക്കാത്ത ഇരവാദം സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലും ആവർത്തിച്ചിരിക്കുകയാണ് സിദ്ദിഖ്. 2019മുതൽ പരാതിക്കാരി സാമൂഹ മാദ്ധ്യമങ്ങളിലൂടെയടക്കം ആരോപണമുന്നയിക്കുന്നു. പരസ്‌പര വിരുദ്ധമായ മൊഴികളാണ് നൽകുന്നത്. താൻ ഏതെങ്കിലും തരത്തിലുള്ള ഭീഷണി മുഴക്കിയതായി തെളിവില്ല. ലൈംഗികശേഷി പരിശോധന വേണമെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
‘കേസിനു പിന്നിൽ തർക്കം’
സിനിമാ മേഖലയിലെ അമ്മ, ഡബ്ല്യു.സി.സി സംഘടനകൾ തമ്മിലുള്ള തർക്കത്തിന്റെ ഫലമാണ് പീഡനക്കേസെന്ന് സിദ്ദിഖിന്റെ ഹർജിയിൽ. ഡബ്ല്യു.സി.സിയിലെ ഉറച്ച അംഗമാണ് പരാതിക്കാരി
65 വയസുള്ള മുതിർന്ന പൗരനാണ് താൻ. അന്വേഷണവുമായി സഹകരിക്കാം. സാക്ഷികളെ സ്വാധീനിക്കില്ല
തെളിവുകൾ നശിപ്പിക്കുമെന്ന ആശങ്കവേണ്ട. ഏതു ജാമ്യവ്യവസ്ഥയും സ്വീകാര്യമാണ്
തിങ്കളാഴ്ച ലിസ്റ്റ്
ചെയ്യിപ്പിക്കാൻ നീക്കം
ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജീത റോത്തഗി കോടതിക്ക് കത്ത് നൽകി
തിങ്കളാഴ്ച ലിസ്റ്റ് ചെയ്യിപ്പിക്കാൻ ശ്രമം നടത്തുന്നതായും സൂചനയുണ്ട്
തീയതിയും ഏതു ബെഞ്ച് പരിഗണിക്കണമെന്നതും തീരുമാനിക്കുക ചീഫ് ജസ്റ്റിസാണ്
Source link