പിതാവിനെ പോലെ കണ്ടയാൾ ചതിച്ചു: അൻവർ
ജ്വലിച്ചു നിന്ന സൂര്യൻ കെട്ടുപോയി
മലപ്പുറം: പിതാവിനെ പോലെ കണ്ട മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് പി.വി.അൻവർ ആരോപിച്ചു. ”ഞാൻ മുഖ്യമന്ത്രിയെ കണ്ടത് 5 മിനിറ്റെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ തള്ളാൻ വേണ്ടി ഇരുന്നതല്ല. പൊലീസിന്റേത് ഏകപക്ഷീയവും വർഗീയവുമായ നിലപാടുകൾ . ന്യൂനപക്ഷങ്ങൾക്കും പാർട്ടി സഖാക്കൾക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്നും നീതി കിട്ടുന്നില്ല.
പൊലീസിലെ പുഴുക്കുത്തുകളെ വച്ചേക്കില്ലെന്ന് മുഖ്യമന്ത്രി പൊലീസ് അസോസിയേഷന്റെ യോഗത്തിൽ പറഞ്ഞത് വിശ്വസിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി പരാതി കൊടുത്തു. . സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളു തുറന്ന് പറഞ്ഞു, എല്ലാം കേട്ടു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു.
കസേരയിലിരുന്ന് ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിവരങ്ങളും മുഖ്യമന്ത്രി ചോർത്തുകയാണെന്ന് അപ്പോൾ മനസ്സിലായില്ല. കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടുപോയി മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽ നിന്ന് പൂജ്യമായി താഴ്ന്നു. മുഖ്യമന്ത്രിയോട് കമ്മ്യൂണിസ്റ്റുകാർക്കും വെറുപ്പാണെന്നും ഇതിനെല്ലാം കാരണം ശശിയാണെന്നും ഞാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്നിൽ നിന്ന് ശബ്ദമിടറി കരഞ്ഞു. അവിടെയിരുന്ന് കണ്ണൊക്കെ തുടച്ച് ശാന്തനായി. അജിത് കുമാറിനെ അന്വേഷണത്തിൽ നിന്നും മാറ്റിനിറുത്തണമെന്ന് ആവശ്യപ്പെട്ടു. നമുക്ക് നോക്കാമെന്ന് മുഖ്യമന്ത്രി മറുപടിനൽകി. മാദ്ധ്യമപ്രവർത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ചതിക്കപ്പെടുകയായിരുന്നു ” അൻവർ പറഞ്ഞു.
Source link