KERALAM

മുഖ്യമന്ത്രിയെ പോർവിളിച്ച് അൻവർ ബന്ധം മുറിച്ചു

കെ.പ്രസന്നകുമാർ | Friday 27 September, 2024 | 2:17 AM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടുപോയ സൂര്യനാണെന്നും ചതിയനാണെന്നും ആഞ്ഞടിച്ചാണ് നിലമ്പൂരിൽ നിന്നുള്ള പാർട്ടി സ്വതന്ത്ര എം.എൽ.എ പി.വി. അൻവർ എൽ.ഡി.എഫ് ബന്ധം മുറിക്കുന്നത്. സി.പി.എമ്മിലെ അടിമത്തം അംഗീകരിച്ച് മുന്നോട്ടുപോകാൻ തയാറല്ലെന്നും പ്രഖ്യാപിച്ചു.

സഖാക്കളെ പൊലീസ് വേട്ടയാടുകയാണെന്നും ഇങ്ങനെ പോയാൽ പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവുമെന്നും പറഞ്ഞുവച്ച അൻവർ, നീതി കിട്ടാൻ നിയമവഴി തേടുമെന്നറിയിച്ചതും രണ്ടും കൽപ്പിച്ചാണ്. നിയമസഭാ സമ്മേളനം നാലിന് തുടങ്ങാനിരിക്കെ, പ്രതിപക്ഷത്തെയും കടത്തിവെട്ടുന്നതായി അൻവറിന്റെ ആക്രമണം.

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് മൂന്ന് വർഷമായി പൊലീസ് നടത്തുന്ന സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പറഞ്ഞ അൻവർ, അതിന്റെ പങ്ക് പറ്റുന്ന പി.ശശിയെയും എ.ഡി.ജി.പി അജിത് കുമാറിനെയും ചേർത്തുകെട്ടി. ഇതിലൂടെ പാർട്ടിയിലെ സാധാരണക്കാരെ മുഖ്യമന്ത്രി വഞ്ചിക്കുകയാണെന്നാരോപിച്ചതും ഗൗരവതരമാണ്. എന്നാൽ അൻവർ സി.പി.എം അംഗമല്ലാത്തതിനാൽ പാർട്ടി അച്ചടക്ക നടപടി സാദ്ധ്യമല്ല.

അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം

മുഖ്യമന്ത്രിക്കെതിരെ പരസ്യവെല്ലുവിളി ഉയർത്തിയ അൻവറിനെ ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹവും ഉയരുന്നു. ഫോൺ ചോർത്തൽ വിഷയത്തിൽ അൻവറിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണറും കത്ത് നൽകിയ കാര്യം മുഖ്യമന്ത്രി കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.


Source link

Related Articles

Back to top button