മലപ്പുറം: ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന സ്വർണം എ.ഡി.ജി.പി അജിത് കുമാറിന്റെയും മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിന്റെയും നേതൃത്വത്തിൽ പൊലീസുകാർ തട്ടിയെടുക്കുന്നെന്ന തന്റെ ആരോപണം തെളിയിക്കാൻ രണ്ട് കാരിയർമാരുടെ വീഡിയോ സംഭാഷണം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ട് പി.വി.അൻവർ.
ഖത്തറിൽ നിന്നെത്തിയ യുവാവും ദുബായിൽ നിന്നെത്തിയ കാളികാവ് സ്വദേശിയായ യുവാവും തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വർണം പൊലീസ് തട്ടിയെടുത്തതായി ആരോപിക്കുന്നു. ഇതിന് സാക്ഷികളായ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടത്. ഖത്തറിൽ നിന്നെത്തിയ യുവാവിനെ വിമാനത്താവളത്തിന് പുറത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്നാണ് പിടികൂടിയത്.
മൂന്ന് ക്യാപ്സൂളുകളായി 900 ഗ്രാം സ്വർണം കൊണ്ടുവന്നപ്പോൾ 526 ഗ്രാം ആണ് കസ്റ്റംസിന് കൈമാറിയത്. 374 ഗ്രാം പൊലീസ് കൊടുത്തിട്ടില്ല. പിടിച്ചെടുത്ത സ്വർണത്തിന്റെ പകുതിയോളം പൊലീസ് മോഷ്ടിച്ചെന്ന് കുടുംബം ആരോപിച്ചു. പാസ്‌പോർട്ടും ഫോണും പിടിച്ചുവച്ചു. ഒന്നരമാസത്തിന് ശേഷം പാസ്പോർട്ട് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോൾ മഞ്ചേരി കോടതിയിൽ പോകാനാണ് നിർദ്ദേശിച്ചത്. അവിടെ വച്ചാണ് രേഖകൾ പരിശോധിക്കുന്നതും സ്വർണ തൂക്കത്തിലെ വ്യത്യാസം മനസിലാകുന്നതും.
‘570 ഗ്രാം സ്വർണം മോഷ്ടിച്ചു’
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ തനിക്ക് വിമാന ടിക്കറ്റ് ഓഫർ ചെയ്തതിനാലാണ് സ്വർണം കടത്തിയതെന്ന് കാളികാവ് സ്വദേശി പറഞ്ഞു. താൻ കൊണ്ടുവന്ന 900 ഗ്രാം സ്വർണത്തിൽ 570 ഗ്രാമും പൊലീസ് മോഷ്ടിച്ചെന്ന് ആരോപിച്ചു. എയർപോർട്ടിൽ തന്നെ കൂട്ടാനെത്തിയ കുടുംബവുമൊത്ത് ചായ കുടിക്കുന്നതിനിടെ ഹോട്ടലിൽ യൂണിഫോമിൽ എത്തിയ പൊലീസുകാർ സ്വർണം കൈക്കലാക്കി. ഹോട്ടലിലെ ബാത്ത്റൂമിലേക്ക് കൊണ്ടുപോയാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണം പുറത്തെടുത്തത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പാസ്‌പോർട്ടും പിടിച്ചുവച്ചു. പുറത്തുപറഞ്ഞാൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് മഞ്ചേരി കോടതിയിൽ ഹാജരായി പാസ്‌പോർട്ട് വാങ്ങി. കോടതിയിൽ നിന്ന് കിട്ടിയ റിപ്പോർട്ടിൽ 320ഗ്രാം മാത്രമാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും കസ്റ്റംസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോപിച്ചു.
Source link