ലക്സംബർഗ് മാതൃക: മാർപാപ്പ
ലക്സംബർഗ് സിറ്റി: യൂറോപ്പിന്റെ മധ്യത്തിലുള്ള കുഞ്ഞുരാജ്യമായ ലക്സംബർഗ് സഹകരണത്തിന്റെയും സമാധാനത്തിന്റെയും മാതൃകയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ലക്സംബർഗ് സന്ദർശിച്ച അദ്ദേഹം അവിടത്തെ നയതന്ത്ര പ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്യുകയായിരുന്നു. യുദ്ധഭീതിയും ദേശീയതാവാദവും ഉയരുന്ന കാലത്ത് സാഹോദര്യവും സമാധാനവും നിറഞ്ഞ യൂറോപ്പിനായുള്ള ലക്സംബർഗിന്റെ പ്രതിജ്ഞാബദ്ധത തുടരണമെന്ന് മാർപാപ്പ നിർദേശിച്ചു. മനുഷ്യാന്തസും നിയമവാഴ്ചയും ഉറപ്പാക്കുന്നതിൽ ലക്സംബർഗിന്റെ ജനാധിപത്യ മാതൃക പ്രശംസാർഹമാണ്. അവികസിത രാജ്യങ്ങളിലെ ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ലക്സംബർഗിനെപ്പോലുള്ള സന്പന്ന രാജ്യങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാണ്ട് എട്ടു മണിക്കൂർ നീണ്ട ലക്സംബർഗ് സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ തുടർന്ന് അയൽരാജ്യമായ ബെൽജിയത്തിലെത്തി. ഫ്രാൻസിസ് മാർപാപ്പയുടെ 46-ാം അപ്പസ്തോലിക പര്യടനമാണിത്. ഇന്നലെ രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പത്തു ഭവനരഹിതരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഫ്രാൻസിസ് മാർപാപ്പ ലക്സംബർഗിലേക്കു പുറപ്പെട്ടത്. എട്ടരയ്ക്ക് റോമിൽനിന്നു വിമാനം കയറിയ അദ്ദേഹം ഒന്നര മണിക്കൂറിനുള്ളിൽ ലക്സംബർഗിലെത്തി. ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്ക് ഹെൻറി, പ്രധാനമന്ത്രി ലൂക് ഫ്രീഡൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നോത്ര് ദാം കത്തീഡ്രലിൽ കത്തോലിക്കാ വിശ്വാസികളെ കണ്ടശേഷമാണു ബെൽജിയത്തിലേക്കു തിരിച്ചത്.
Source link