ഗാലെ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ദിനേഷ് ചൻഡിമൽ സൂപ്പറാക്കി. 208 പന്ത് നേരിട്ട ചൻഡിമൽ 15 ഫോറിന്റെ അകന്പടിയോടെ 116 റണ്‍സ് നേടി. ടെസ്റ്റ് കരിയറിൽ ചൻഡിമലിന്റെ 16-ാം സെഞ്ചുറിയാണിത്. ന്യൂസിലൻഡിനെതിരായ ആദ്യത്തേതും. ഒന്നാംദിനം അവസാനിക്കുന്പോൾ ശ്രീലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തിൽ 306 എന്ന ശക്തമായ നിലയിലാണ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതും നിസാങ്ക (1) തുടക്കത്തിലേ പുറത്തായി. എന്നാൽ, ദിമുത് കരുണരത്നെയും (46) ചൻഡിമലും ചേർന്ന് രണ്ടാം വിക്കറ്റിൽ 122 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ എയ്ഞ്ചലോ മാത്യൂസും (78 നോട്ടൗട്ട്) ചൻഡിമലും 97 റണ്‍സിന്റെ കൂട്ടുകെട്ടും സ്ഥാപിച്ചു. മാത്യൂസിനൊപ്പം കാമിന്ദു മെൻഡിസാണ് (51 നോട്ടൗട്ട്) ക്രീസിൽ.
ശ്രീലങ്കയ്ക്കുവേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന നേട്ടത്തിൽ നാലാം സ്ഥാനത്ത് ചൻഡിമൽ എത്തി. കുമാർ സംഗക്കാര (38), മഹേല ജയവർധനെ (34), അരവിന്ദ ഡിസിൽവ (20) എന്നിവരാണ് ചൻഡിമലിനു മുന്നിൽ ഇനിയുള്ളത്. മാത്യൂസ്, കരുണരത്നെ, അട്ടപ്പട്ടു, ദിൽഷൻ എന്നിവർക്കും 16 സെഞ്ചുറി വീതമുണ്ട്.
Source link