ന്യൂയോർക്ക്: ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷം നയതന്ത്രമാർഗത്തിൽ പരിഹരിക്കാനായി യുഎസിന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള രാജ്യങ്ങൾ മുന്നോട്ടുവച്ച മൂന്നാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നിർദേശത്തോട് പ്രതികരിക്കാതെ ഇസ്രയേൽ. ലബനനിൽ കരയാക്രമണത്തിന് ഒരുങ്ങുന്നുവെന്ന സൂചന ഇസ്രേലി സൈനിക മേധാവി ജനറൽ ഹെർസി ഹാലെവി നല്കിയതിനു പിന്നാലെയാണ് ന്യൂയോർക്കിലെ യുഎൻ പൊതുസഭാ യോഗത്തിനിടെ വെടിനിർത്തൽ നീക്കങ്ങളുണ്ടായത്. പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കുന്നതു തടയൽ, ജനങ്ങളുടെ സുരക്ഷ, ഒഴിപ്പിച്ചുമാറ്റപ്പെട്ടവരുടെ മടക്കം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന സമഗ്ര സമാധാനക്കരാർ ചർച്ചചെയ്യുന്നതിന് 21 ദിവസം വെടി നിർത്തണമെന്നാണു യുഎൻ പൊതുസഭാ യോഗത്തിനിടെ കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്. ബ്രിട്ടൻ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ജർമനി, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവരും പദ്ധതിയെ പിന്താങ്ങുന്നുണ്ട്. ഈ വെടിനിർത്തലിന് ഗാസ യുദ്ധവുമായി ബന്ധമില്ല. എന്നാൽ, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിനോടു പ്രതികരിക്കാൻ തയാറായില്ല. പകരം, ഇസ്രേലി സേന ലബനനിൽ പൂർണശക്തിയോടെ യുദ്ധം ചെയ്യാൻ നെതന്യാഹു നിർദേശിച്ചു.
ഹിസ്ബുള്ള ഭീകരരുമായി വെടിനിർത്തലില്ലെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സും വ്യക്തമാക്കി. നെതന്യാഹു യുഎൻ പൊതുസഭാ യോഗത്തിൽ പങ്കെടുക്കാനായി ഇന്നലെ ന്യൂയോർക്കിലേക്കു തിരിച്ചു. ഇന്നാണ് അദ്ദേഹം പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. ഇതിനിടെ, ഇസ്രയേലും ഹിസ്ബുള്ളയും ഏറ്റുമുട്ടൽ തുടരുകയാണ്. നെതന്യാഹുവിന്റെ നിർദേശത്തിനു പിന്നാലെ ഇസ്രേലി സേന ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് കമാൻഡർ മുഹമ്മദ് ഹുസൈൻ സുരുർ കൊല്ലപ്പെട്ടു. ഇതിനു മുന്പ് ഹിസ്ബുള്ളയുടെ 75 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സേന അറിയിച്ചിരുന്നു. ഹിസ്ബുള്ളകൾ വടക്കൻ ഇസ്രയേലിലേക്ക് 45 റോക്കറ്റുകൾ തൊടുത്തു. ഇസ്രയേലിന്റെ അയൺ ഡോം വ്യോമപ്രതിരോധ സംവിധാന വികസിപ്പിച്ച റാഫേൽ മിലിട്ടറി ഇൻഡ്സ്ട്രിയൽ കോംപ്ലക്സാണ് ആക്രമിച്ചതെന്നു ഹിസ്ബുള്ളകൾ അവകാശപ്പെട്ടു. ഇവിടെ എന്തെങ്കിലും നാശമുള്ളതായി റിപ്പോർട്ടില്ല.
Source link