കാണ്പുർ: ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് അരങ്ങേറുന്ന ഗ്രീൻ പാർക്ക് സ്റ്റേഡിയം കാണികൾക്കു സുരക്ഷിതമല്ലെന്നു റിപ്പോർട്ട്. ഇന്നു രാവിലെ 9.30നു മത്സരം അരങ്ങേറാനിരിക്കവേയാണ് കാണികളെ പൂർണമായി ഉൾക്കൊള്ളാൻ മാത്രം ഗ്രീൻ പാർക്ക് സ്റ്റേഡിയം സുരക്ഷിതമല്ലെന്ന് ഉത്തർപ്രദേശ് പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ് (പിഡബ്ല്യുഡി) അറിയിച്ചു. സ്റ്റേഡിയത്തിന്റെ ഒരു ഭാഗം സുരക്ഷിതമല്ലെന്നാണു പിഡബ്ല്യുഡി അറിയിച്ചത്. എന്നാൽ, ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (യുപിസിഎ) ഈ ആരോപണം തള്ളിയിട്ടുണ്ട്. 10,000 ബാൽക്കണി ടിക്കറ്റ് ഉള്ളതിൽ 7,200 എണ്ണം മാത്രമേ വിൽപ്പന നടത്തിയിട്ടുള്ളൂ എന്നും ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഗ്രീൻ പാർക്കിലെ ഇന്ത്യ 2021 ഡിസംബറിനുശേഷം ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇതുവരെ ഇന്ത്യ 23 ടെസ്റ്റ് കളിച്ചിട്ടുണ്ട്. അതിൽ ഏഴ് എണ്ണത്തിൽ ജയിച്ചു. മൂന്നു തോൽവി വഴങ്ങി. 13 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. 2021 ഡിസംബറിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയിരുന്നു. ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സിലെ ഒന്പത് വിക്കറ്റ് ഇന്ത്യ വീഴ്ത്തിയെങ്കിലും സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. 1983ൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് ഗ്രീൻ പാർക്കിൽ ഇന്ത്യ അവസാനമായി പരാജയപ്പെട്ടത്. പേസ്, സ്പിൻ പിച്ച്
ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ പിച്ച് മത്സരത്തിന്റെ തുടക്കത്തിൽ പേസ് ബൗളർമാരെയും പതുക്കെപ്പതുക്കെ സ്പിന്നർമാരെയും പിന്തുണയ്ക്കും. ക്യൂറേറ്ററാണ് ഇക്കാര്യം അറിയിച്ചത്. മത്സരം അഞ്ചു ദിനവും നീളുന്ന തരത്തിലുള്ള പിച്ചായിരിക്കുമെന്നു ക്യൂറേറ്റർ വ്യക്തമാക്കി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടെസ്റ്റ് നാലാം ദിനത്തിന്റെ ആദ്യ സെഷനിൽത്തന്നെ അവസാനിച്ചിരുന്നു. മൂന്നാം സ്പിന്നർ, മഴ ചെപ്പോക്കിലേതുപോലെ ചുവന്ന പിച്ചല്ല ഗ്രീൻ പാർക്കിലേത് എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൽ ഇന്ത്യ മൂന്നു പേസർമാരുമായി ആയിരുന്നു കളിച്ചത്. എന്നാൽ, മൂന്നാം പേസറിനു പകരം ഇന്ത്യ മൂന്നാം സ്പിന്നർ എന്ന തന്ത്രത്തിലേക്കു ചുവടു മാറാൻ സാധ്യതയുണ്ട്. കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരിൽ ഒരാൾ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടും. അതോടെ മുഹമ്മദ് സിറാജ്, ആകാഷ് ദീപ് എന്നിവരിൽ ഒരാൾ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽനിന്നു പുറത്തായേക്കും. ചെന്നൈയിൽ ജയിച്ച ടീമിനെ നിലനിർത്താൻ ക്യാപ്റ്റൻ രോഹിത് തീരുമാനിക്കുമോ എന്നും കണ്ടറിയണം. അതിനിടെ കാൾപുരിൽ മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. മത്സരത്തിന്റെ ആദ്യമൂന്നു ദിനങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. 2-0നു പരന്പര തൂത്തുവാരാനാണ് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്. ജയത്തോടെ പരന്പര 1-1 സമനിലയിലാക്കാനുള്ള ശ്രമമാണ് ബംഗ്ലാദേശ് നടത്തുക.
Source link