KERALAM

അർജുൻ ഓടിച്ച ലോറിയുടെ പിറകിലെ ബമ്പർ കണ്ടെത്തി, സ്ഥിരീകരിച്ച് വാഹന ഉടമ മനാഫ്

അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിനിടെ നിർണായക കണ്ടെത്തൽ. ഗംഗാവലി പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ ഭാഗത്ത് ഡ്രഡ്‌ജർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ അർജുൻ ഓടിച്ച ലോറിയുടെ ബമ്പർ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. ഇത് തന്റെ ലോറിയുടെ ബമ്പർ തന്നെയാണെന്ന് വാഹന ഉടമ മനാഫും സ്ഥിരീകരിച്ചു.

ബമ്പറിന് പുറമേ ഒരു ബാഗും ലഭിച്ചു എന്നാൽ അത് അർജുന്റേതല്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കണ്ടെത്തിയ ലോറിയുടെ ഭാഗം തിരിച്ചറിയാൻ അധികൃതർ വിളിച്ചിട്ടുണ്ടെന്ന് മനാഫ് അറിയിച്ചു. ‘നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്പറാണ്. ആദ്യംമുതലേ അവിടെ തിരയാൻ പറഞ്ഞിരുന്നു, തിരയുന്നില്ലെങ്കിൽ നമ്മളെന്ത് ചെയ്യാൻ കഴിയും? ‘ മനാഫ് പറയുന്നു.

ജൂലായ് 16ന് രാവിലെ 8.30 മണിയോടെയാണ് അങ്കോളയ്‌ക്ക് സമീപം ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ദൗത്യം പലതവണ പ്രതികൂല കാലാവസ്ഥ കാരണം പ്രതിസന്ധിയിലായിരുന്നു. ഓഗസ്റ്റ് 17ന് അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഡ്രഡ്‌ജറുപയോഗിച്ച് തെരച്ചിലിന് ഒരുകോടി രൂപ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്‌നം. അർജുന്റെ കുടുംബം പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ഇതോടെ തെരച്ചിൽ പുനരാരംഭിച്ചു. ഡ്രെഡ്‌ജർ വാടക കർണാടക സർക്കാരാണ് നൽകുന്നത്. കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിൽ മണ്ണിൽപുതഞ്ഞ നിലയിൽ അസ്ഥി കണ്ടെത്തിയിരുന്നു. ഇത് മനുഷ്യ അസ്ഥിയാണോ എന്നതടക്കം കൂടുതൽ പരിശോധനക്കായി അയച്ചു.


Source link

Related Articles

Back to top button