‘ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല’; പരിശോധന ഫലം പുറത്ത്
തിരുവനന്തപുരം: ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധന ഫലം വന്നു. അസ്ഥി മനുഷ്യന്റേതല്ല, പശുവിന്റെതാണെന്നാണ് മംഗളൂരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ലക്ഷ്‌മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതാണെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്നും കളക്ടർ വ്യക്തമാക്കി.
കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍പെട്ട് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് ഇന്നലെ അസ്ഥിയുടെ ഭാഗം കിട്ടിയത്. മനുഷ്യന്റെ അസ്ഥിയാണെന്ന് സംശയം ഉയർന്നെങ്കിലും വിശദമായ പരിശോധനക്കായി പൊലീസ് ലാബിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. അർജുന്റെ കുടുംബം ഇപ്പോൾ ദൗത്യസ്ഥത്തുണ്ട്.
ഗംഗാവലി പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ ഭാഗത്ത് ഡ്രഡ്‌ജർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ അർജുൻ ഓടിച്ച ലോറിയുടെ ബമ്പർ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് തന്റെ ലോറിയുടെ ബമ്പർ തന്നെയാണെന്ന് വാഹന ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്.
ബമ്പറിന് പുറമേ ഒരു ബാഗും ലഭിച്ചു എന്നാൽ അത് അർജുന്റേതല്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കണ്ടെത്തിയ ലോറിയുടെ ഭാഗം തിരിച്ചറിയാൻ അധികൃതർ വിളിച്ചിട്ടുണ്ടെന്ന് മനാഫ് അറിയിച്ചു. ‘നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്പറാണ്. ആദ്യംമുതലേ അവിടെ തിരയാൻ പറഞ്ഞിരുന്നു, തിരയുന്നില്ലെങ്കിൽ നമ്മളെന്ത് ചെയ്യാൻ കഴിയും? ‘ മനാഫ് പറയുന്നു.
Source link