വഴി തെറ്റിച്ച് പാഞ്ഞെത്തി ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കാർ, 23കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: സുഹൃത്തുക്കൾക്കൊപ്പം ബൈക്കോടിച്ച് പോകുകയായിരുന്ന 23കാരൻ വഴിതെറ്റി വന്ന കാറിടിച്ച് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. സംഭവത്തിന്റെ ഗോ പ്രോ ക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം വാർത്തയായത്. സുഹൃത്തുക്കൾക്കൊപ്പം മുന്നിൽ പോകുകയായിരുന്ന ഡൽഹി ദ്വാരക സ്വദേശിയായ അക്ഷന്ത് ഗാർഗ് എന്ന യുവാവാണ് തെറ്റായ ദിശയിൽ വന്ന മഹീന്ദ്ര കാറിടിച്ച് മരിച്ചത്. റോഡിൽ നിന്ന് തിരിയാനായി മീഡിയന് സമീപത്തേക്ക് അക്ഷന്ത് ബൈക്കുമായി വരവെ ഇതേഭാഗത്ത് തെറ്റായ ദിശയിൽ കാർ വരികയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ച് കാറിന് പിന്നിൽ കുറ്റിച്ചെടികളിലേക്ക് വീണ അക്ഷന്തിനെ ഉടൻ തന്നെ കൂട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ മരിക്കുകയായിരുന്നു. അപകടമുണ്ടാക്കി സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച കാറോടിച്ചിരുന്ന കുൽദീപ് താക്കൂർ എന്നയാളെ അക്ഷന്തിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് പിടികൂടി. ഇയാളെ ലഹരിപരിശോധനയ്‌ക്ക് വിധേയനാക്കി. അറസ്‌റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഈ മേഖലയിൽ സ്ഥിരമായി തെറ്റായ ദിശയിൽ വാഹനമോടിക്കുന്ന സംഭവം ആവർത്തിക്കുന്നുണ്ടെന്നും ഓഗസ്‌റ്റ് മാസം മുതൽ ഇതുവരെ 16,000 ചലാനുകൾ ഇത്തരത്തിൽ നൽകിക്കഴിഞ്ഞതായും പൊലീസ് അറിയിച്ചു.
Source link