അർജുന്റെ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി, ഡിഎൻഎ പരിശോധനയ്‌ക്ക് അയക്കും

അങ്കോള: ഷിരൂരിൽ ഗംഗാവലി പുഴയിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച കോഴിക്കോട് സ്വദേശി അർജ്ജുന്റെ മൃതദേഹ ഭാഗങ്ങൾ കാർവാറിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശരീരം ഡിഎൻഎ പരിശോധന നടത്തി അർജ്ജുന്റേതാണെന്ന് ഉറപ്പിച്ചാൽ രണ്ട് ദിവസത്തിനകം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജില്ലാ കളക്‌ടർ ലക്ഷ്‌മി പ്രിയയാണ് ഇക്കാര്യം അറിയിച്ചത്.
ലോറിയുടെ കാബിനിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. എങ്കിലും ലോറിയിൽ നിന്ന് കിട്ടിയ മൃതദേഹം അജ്ജുന്റേതെന്ന് തെളിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് കാർവാർ എംഎൽഎ സതീഷ് കുമാർ സെയിലും അറിയിച്ചു. കർണാടക സ്വദേശികളായ ജഗന്നാഥൻ, ലോകേഷ് എന്നിവരെയും ഇനി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിലും പുഴയിൽ തുടരും.
കണ്ടെത്തിയത് തന്റെ ലോറിയുടെ ക്യാബിൻ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. അർജുനെ കാണാതായതിന്റെ 71ആം ദിവസമാണ് ലോറിയുടെ അവശിഷ്ടം കണ്ടെടുക്കാൻ കഴിഞ്ഞത്. ഡ്രഡ്ജർ ഉപയോഗിച്ചാണ് ലോഹഭാഗം കരയിലേക്ക് അടുപ്പിച്ചത്. കരുതിയിരുന്നത് പോലെ അഴുകിയ നിലയിലാണ് മൃതദേഹം കിട്ടിയത്. എസ്ഡിആർഎഫിന്റെ ബോട്ടിൽ മൃതദേഹാവശിഷ്ടം കരയിലെത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അർജുൻ തിരിച്ച് വരില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വലിയൊരു ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം ലഭിച്ചതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പ്രതികരിച്ചു. ലോറി കണ്ടെത്തിയതിൽ സന്തോഷമല്ല സമാധാനം മാത്രമെന്ന് ലോറി ഉടമ മനാഫും പറഞ്ഞു. വലിയ വൈകാരിക രംഗങ്ങളാണ് ഷിരൂരിലെ രക്ഷാപ്രവർത്തന സ്ഥലം സാക്ഷ്യം വഹിച്ചത്.
ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ തെരച്ചിൽ പലപ്പോഴും അനിശ്ചിതത്വത്തിൽ തുടർന്നപ്പോഴും, ഡ്രഡ്ജർ എത്തിച്ചുളള തെരച്ചിലിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷയാണ് ഇപ്പോൾ ദുഃഖകരമായ അന്ത്യത്തിലെത്തിയത്.
അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. എഴുപേരുടെ മൃദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അർജുൻ ജൂലായ് എട്ടിനാണ് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ലോറിയുടെ ജി പി എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അർജുനെ കാണാനില്ലെന്ന വിവരം നാട്ടിൽ അറിഞ്ഞത്.
Source link