കാശ്‌മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് ജവാന്മാർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. 32പേർക്ക് പരിക്കേറ്റു. മദ്ധ്യ കാശ്‌മീരിലെ ബുദ്ഗാം ജില്ലയിലെ ബ്രെൽ വാട്ടർഹെയ്ൽ മേഖലയിലാണ് അപകടമുണ്ടായത്. 35 ബിഎസ്എഫ് ജവാന്മാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ബിഎസ്എഫ് ജവാന്മാരുമായി പോയ ഏഴ് വാഹനങ്ങളിൽ ഒന്നായിരുന്നു അപകടത്തിൽപ്പെട്ട വാഹനം. ബസ് മലയോര പാതയിൽ നിന്ന് തെന്നിമാറി 40 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബിഎസ്എഫ് ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കാശ്‌മീരിലെ 90 നിയമസഭാ സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടം 24 സീറ്റുകളിലേക്ക് സെപ്‌തംബർ 18ന് നടന്നിരുന്നു. 26 നിയമസഭാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 25നാണ്. ബാക്കിയുള്ള 40 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ ഒന്നിന് നടക്കും. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
Source link