‘96’ നു ശേഷം മെയ്യഴകൻ; കേരളത്തിൽ 100 തിയറ്ററുകളിൽ റിലീസ് | Meiyazhagan Kerala Release
‘96’ നു ശേഷം മെയ്യഴകൻ; കേരളത്തിൽ 100 തിയറ്ററുകളിൽ റിലീസ്
മനോരമ ലേഖകൻ
Published: September 26 , 2024 04:03 PM IST
1 minute Read
മസാലക്കൂട്ടുകളേതുമില്ലാതെ ഭാഷ ദേശ ഭേദങ്ങളില്ലാതെ സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ ‘96’ എന്ന പ്രണയ കാവ്യത്തിന് ശേഷം സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന മെയ്യഴകൻ നാളെ ലോക വ്യാപകമായി പ്രദർശനത്തിനെത്തുന്നു. ഒന്നിക്കാനാവാതെ പോയ കമിതാക്കൾ കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും അവർക്കിടയിൽ പറയാതെ പോയ പ്രണയമുയർത്തിയ ഹൃദയവ്യഥയുമാണ് 96 ൽ പ്രേംകുമാർ ആവിഷ്ക്കരിച്ചതെങ്കിൽ മെയ്യഴകൻ അപൂർവ ചാരുതയുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.
മെയ്യഴകൻ ഒരു നോവലായി ഒരുക്കാനായിരുന്നു പ്രേംകുമാർ ആദ്യം തീരുമാനിച്ചത്. നോവലിന്റെ കയ്യെഴുത്തു പ്രതി തന്റെ ആത്മ സ്നേഹിതനായ സംവിധായകൻ മഹേഷ് നാരായണനാണ് പ്രേംകുമാർ ആദ്യം വായിക്കാൻ നൽകിയത്. ഇത് നോവലിൽ ഒതുക്കേണ്ട പ്രമേയമല്ല സിനിമയ്ക്കാണ് കൂടുതൽ അനുയോജ്യമാകുകയെന്ന അഭിപ്രായമായിരുന്നു മഹേഷ് നാരായണന്. കയ്യെഴുത്ത് പ്രതി വായിച്ച വിജയ് സേതുപതിയും അതേ അഭിപ്രായം തന്നെ പറഞ്ഞതോടെയാണ് മെയ്യഴകൻ സിനിമയാക്കാൻ സി.വി. പ്രേംകുമാർ തീരുമാനിച്ചത്. നായകന്മാരായി കാർത്തിയെയും അരവിന്ദ് സ്വാമിയെയും തീരുമാനിച്ചു. സൂര്യയുടെയും ജ്യോതികയുടെയും 2 ഡി എന്റർടെയ്ൻമെന്റ്സ് നിർമാണച്ചുമതല ഏറ്റെടുക്കുക കൂടി ചെയ്തതോടെ അനൗൺസ് ചെയ്യപ്പെട്ട നാൾ മുതൽ തമിഴകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മെയ്യഴകൻ മാറി.
ചെന്നൈയിലായിരുന്നു ചിത്രീകരണം. അമ്പത് ദിവസത്തിലേറെ രാത്രിയിലായിരുന്നു ഷൂട്ടിങ്. ‘കൈതി’ക്കു ശേഷം വീണ്ടും ഒരുപാട് നൈറ്റ് ഷൂട്ടുള്ള സിനിമയിലഭിനയിച്ചത് മറ്റൊരനുഭവമായിരുന്നുവെന്ന് കാർത്തി പറയുന്നു. തന്ഫെ അഭിനയ ജീവിതത്തിന്റെ തുടക്കം തന്നെ രാത്രിയിലായിരുന്നുവെന്ന് അരവിന്ദ് സ്വാമിയും ഓർക്കുന്നു. ‘‘മണിരത്നം സാറിന്റെ ദളപതിയിൽ എന്റെ ഫസ്റ്റ് ഷോട്ടെടുത്തത് രാത്രി രണ്ട് മണിക്കായിരുന്നു’’.
രാജ് കിരണാണ് മെയ്യഴകനിലെ മറ്റൊരു മുഖ്യ താരം.വരുത്തപ്പെടാത്ത വാലി ബർ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ ശ്രീദിവ്യയാണ് നായിക. സ്വാതി, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവവരശു,കരുണാകരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചെന്നൈയിൽ കഴിഞ്ഞയാഴ്ച്ച നടന്ന മെയ്യഴകൻ്റെ പ്രീവ്യൂ കണ്ടവരെല്ലാം ‘ഒരു മലയാള സിനിമ പോലെ മനോഹരമായിരിക്കുന്നു” എന്നാണ് അഭിപ്രായപ്പെട്ടത്.
വിജയ് സേതുപതി നായകനായി അഭിനയിച്ച ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയമായ മഹാരാജ കേരളത്തിലെത്തിച്ച എ.വി മീഡിയയും ശ്രീപ്രിയ കമ്പയിൻസും ചേർന്നാണ് മെയ്യഴകനും കേരളത്തിലെത്തിക്കുന്നത്. കേരളത്തിൽ മാത്രം നൂറിലേറെ തിയറ്ററുകളിൽ മെയ്യഴകൻ റിലീസ് ചെയ്യുമെന്ന് വിതരണക്കാർ അറിയിച്ചു. 96 എന്ന ചിത്രത്തിന്റെ ആത്മാവായ സംഗീതമൊരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെയും സംഗീതമൊരുക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീത ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും മെയ്യഴകൻ.
കോ പ്രൊഡ്യൂസർ : രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യൻ, ഡയറക്ടർ ഒഫ് ഫോട്ടോഗ്രഫി : മഹേന്ദ്രൻ ജയരാജ്, എഡിറ്റർ കെ. ഗോവിന്ദരാജ്, പ്രൊഡക്ഷൻ ഡിസൈനർ : രാജീവൻ, ആർട്ട് ഡയറക്ടർ:എസ്. അയ്യപ്പൻ. കോ ഡയറക്ടേഴ്സ് കണ്ണൻ സുന്ദരം, എൻ. അരവിന്ദൻ. ഗാനങ്ങൾ കാർത്തിക് നേതാ, ഉമാ ദേവി.
English Summary:
Meiyazhagan Kerala Release
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-karthi mo-entertainment-common-kollywoodnews 1v7o3d8gotp2ets4j8i6u33cfd f3uk329jlig71d4nk9o6qq7b4-list
Source link