അങ്കോള (ഉത്തര കർണ്ണാടക): ഷിരൂരിൽ നിന്ന് അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. ഡിഎൻഎ പരിശോധനയ്‌ക്കായി സാംപിളുകൾ ഇന്നുതന്നെ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികൾ പൂർത്തികരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു.
അർജുൻ ഓടിച്ചിരുന്ന ലോറി പൂർണമായി കരയിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിച്ചു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായുള്ള തെരച്ചിലാണ് തുടരുന്നത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
ദുരന്തം നടന്ന് 72ാം ദിവസമാണ് അർജുനും ട്രക്കും എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്. തകർന്ന ക്യാബിനുള്ളിൽ ജീർണിച്ചനിലയിൽ കുടുങ്ങിക്കിടന്ന മൃതദേഹം ഇന്നലെതന്നെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഗംഗാവലി പുഴയിൽ ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. ട്രക്ക് നിറുത്തിയിട്ടിരുന്ന ലക്ഷ്മണന്റെ ചായക്കടയുടെ മുന്നിലെ റോഡിൽ നിന്ന് 120 മീറ്റർ ദൂരത്തിൽ 12 മീറ്റർ താഴ്ചയിലായിരുന്നു അത്. നാവികസേനയുടെ ഡ്രോൺ പരിശോധനയിൽ മാർക്ക് ചെയ്തിരുന്ന പോയിന്റ് രണ്ടിലെ (സി.പി-2) മൺകൂനയ്ക്കടിയിൽ ഇന്നലെ രാവിലെയാണ് സ്‌കൂബ ഡൈവേഴ്സ് സംഘം ട്രക്കിന്റെ ഭാഗം കണ്ടെത്തിയത്. തലകീഴായി ചെളിക്കുണ്ടിലാണ്ട നിലയിലായിരുന്നു.
മണ്ണും കല്ലും പാറയും നിറഞ്ഞ ലോറിയുടെ ക്യാബിനിൽ പൂർണമായി ജീർണിച്ച് ശരീരഭാഗങ്ങൾ വേർപെട്ടനിലയിലായിരുന്നു മൃതദേഹം. ഷിരൂരിലെ ദേശീയപാതയ്ക്കു സമീപം നിറുത്തിയിട്ട ട്രക്കിൽ അർജുൻ ഉറങ്ങിക്കിടക്കുമ്പോഴാണ് കുന്നിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് പതിച്ചത്.
ഇന്നലെ രാവിലെ ട്രക്കിന്റെ അണ്ടർവാട്ടർ ദൃശ്യങ്ങൾ പകർത്തിയ നാവികസേന, മേലധികാരികളെയും ജില്ല ഭരണകൂടത്തെയും അത് ബോധ്യപ്പെടുത്തി. തുടർന്ന് പുഴയിലെ വെള്ളം കുറയാൻ വേലിയിറക്കം വരെ കാത്തിരുന്നു. വൈകിട്ട് മൂന്നു മണിയോടെ ഡ്രെഡ്ജറിലെ ക്രെയിൻ ഉപയോഗിച്ച് ട്രക്കിന്റെ ക്യാബിൻ ഉയർത്തി. ക്യാബിനിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് ബോട്ടിലേക്കുമാറ്റി.
നാലരയോടെ സതീഷ് കൃഷ്ണ സായി എം.എൽ.എ ഡ്രെഡ്ജറിൽ എത്തി മൃതദേഹം കരയ്ക്കെത്തിക്കാൻ നിർദ്ദേശിച്ചു. കാർവാർ എസ്.പി നാരായണയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രത്യേക ബോട്ടിൽ വൈകിട്ട് അഞ്ചരയോടെ മൃതദേഹം വച്ചിരുന്ന ഡിങ്കി ബോട്ടിൽ എത്തി മേൽനടപടികൾ സ്വീകരിച്ചു.
ജൂലായ് 16 നാണ് മണ്ണിടിച്ചലിൽ അർജുനെ കാണാതായത്. മൂന്നു ഘട്ടങ്ങളിലായി തിരച്ചിൽ നടന്നു. ശക്തമായ മഴയും അടിയൊഴുക്കും കാരണം പലതവണ തിരച്ചിൽ നിറുത്തിവയ്ക്കേണ്ടിവന്നു. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിച്ചു നടത്തിയ മൂന്നാംഘട്ട തിരച്ചിലാണ് ഫലപ്രാപ്തിയിലെത്തിയത്.
Source link