സിദ്ദിഖിനായി എത്തുന്നത് ദിലീപിന്റെ വക്കീൽ; സുപ്രീംകോടതിയിൽ യുദ്ധത്തിന് വമ്പൻ അഭിഭാഷകർ
തിരുവനന്തപുരം: പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സുപ്രീംകോടതിയിൽ തീപാറും. എണ്ണം പറഞ്ഞ മുതിർന്ന അഭിഭാഷകരാണ് സിദ്ദിഖിനും, അതിജീവിതയ്‌ക്കും, സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരാകുന്നത്. അതും രാജ്യത്തെ കോളിളക്കമുണ്ടാക്കിയ കേസുകളിൽ വമ്പൻ കക്ഷികൾക്ക് വേണ്ടി വാദിച്ചവർ.
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിക്കേസിൽ അറസ്റ്റിലായപ്പോൾ ജാമ്യത്തിലിറക്കിയ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിന്റെ അഭിഭാഷകൻ. നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന് വേണ്ടിയും സുപ്രീംകോടതിയിൽ ഹാജരായത് അദ്ദേഹമാണ്.
സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറാണ് ഹാജരാകുന്നത്. നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്‌തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടപ്പോൾ സർക്കാരിന് വേണ്ടി അതിനെ എതിർക്കുകയും അനുകൂലവിധി നേടുകയും ചെയ്‌തത് അഡ്വ. രഞ്ജിത് കുമാറാണ്. ആ കേസിൽ ഏറ്റുമുട്ടിയവർ സിദ്ദിഖ് കേസിലും നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം.
അതിജീവിതയ്‌ക്കു വേണ്ടി സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരാകും. ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും, മകളുടെ അടക്കം അരുംകൊലകൾ കൺമുന്നിൽ കാണുകയും ചെയ്‌ത ബിൽക്കിസ് ബാനുവിന് നീതി ഉറപ്പിക്കാൻ ഈ വനിതാ അഭിഭാഷക പരമോന്ന കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു.
ഉടൻ പരിഗണിക്കുമോ ?
മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ ആവശ്യപ്പെടുമോയെന്നതാണ് നിർണായകം. ഈയാഴ്ച ഇനി നാളെ മാത്രമാണ് സുപ്രീംകോടതി സിറ്റിംഗുള്ളത്. നാളെ അടിയന്തരമായി പരിഗണിക്കണമെങ്കിൽ ഇന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ജാമ്യാപേക്ഷയ്‌ക്ക് അടിയന്തര സ്വഭാവമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോദ്ധ്യപ്പെട്ടാലേ നാളെ ലിസ്റ്റ് ചെയ്യൂ. അല്ലെങ്കിൽ പുതിയ കേസുകൾ പോലെ അടുത്ത തിങ്കളാഴ്ചയോ, വെള്ളിയാഴ്ചയോ മാത്രമേ ലിസ്റ്റ് ചെയ്യൂ എന്നാണ് അറിയുന്നത്.
നിരപരാധിയാണെന്ന് സുപ്രീംകോടതി ഹർജിയിൽ സിദ്ദിഖ്
മുൻകൂർ ജാമ്യംതേടി സുപ്രീംകോടതിയെ സമീപിച്ച നടൻ സിദ്ദിഖ്, ഹൈക്കോടതി നിരീക്ഷണങ്ങളെ ഹർജിയിൽ ചോദ്യംചെയ്തിട്ടുണ്ട്. നടനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുമ്പോൾ പ്രഥമദൃഷ്ട്യാ തന്നെ കുറ്റം ചെയ്തുവെന്ന സൂചനയാണുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതടക്കമുള്ള നീരീക്ഷണങ്ങളെയാണ് സിദ്ദിഖ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. താൻ നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഹർജിയിൽ പറയുന്നു. തെളിവുശേഖരണത്തിന് അറസ്റ്റോ, കസ്റ്റഡിയിൽ ചോദ്യംചെയ്യലോ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ മകൾ രഞ്ജീത റോത്തഗി മുഖേനയാണ് ഹർജി സമർപ്പിച്ചത്.
Source link