KERALAM

ഞാൻ ഷിരൂരിലായിരുന്നപ്പോൾ സ്ഥാപനം ഒരാൾ കയ്യേറി; അർജുന്റെ മകനെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്നും മനാഫ്

ഷിരൂർ: അർജുന്റെ മകനെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്ന് ലോറി ഉടമ മനാഫ്. ഇനി മുതൽ തനിക്ക് നാല് മക്കളാണെന്നും ഇനിയുള്ള കാലം അർജുന്റെ മാതാപിതാക്കൾക്ക് മകനായി കൂടെയുണ്ടാകുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

അർജുനെ തെരയാനായി എഴുപത്തിരണ്ട് ദിവസമായി ഷിരൂരിലായിരുന്നു. ഈ സമയം ഒരാൾ തന്റെ സ്ഥാപനം കയ്യേറുകയും മരമെല്ലാം വിൽക്കുകയും ചെയ്‌തെന്നും മനാഫ് വെളിപ്പെടുത്തി. അർജുനെ കണ്ടെത്താനായി കൂടെ നിന്നവർക്ക് അദ്ദേഹം കഴിഞ്ഞ ദിവസം നന്ദി പറഞ്ഞിരുന്നു.

“അവനെ ജീവനോടെ കിട്ടുമെന്ന് കരുതിയായിരുന്നു കാത്തിരിപ്പ്. മലയാളികളെല്ലാം കൂടെ നിന്നു. തുടക്കം മുതൽ എം.കെ.രാഘവൻ എം.പിയും കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ഒപ്പം കർണാടക സർക്കാരും ഉണ്ടായിരുന്നു. അർജുന്റെ കുടുംബത്തിന് നൽകിയ വാക്കാണ് അവനെ തിരിച്ചെത്തിക്കുമെന്ന്. പക്ഷെ ജീവനോടെ കഴിഞ്ഞില്ല. മൃതദേഹമായിട്ടെങ്കിലും അവനെ തിരിച്ചെത്തിക്കാനാവുമെന്നത് ആശ്വാസകരമാണ്. ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു. ഇനി രണ്ടുവർഷമായെങ്കിലും അതിനായി താനീ പുഴത്തീരത്ത് കാത്തിരിക്കുമായിരുന്നു.”- മനാഫ് പറഞ്ഞു.

ജൂലായ് 15ന് ബെൽഗാമിൽ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരുന്ന വഴിയിലാണ് അർജുൻ അപകടത്തിൽപ്പെട്ടത്. 16ന് കാണാതായി. പ്രതികൂല കാലാവസ്ഥയും പുഴയിൽ നിന്ന് മണ്ണ് നീക്കാൻ സാധിക്കാതെ വന്നതിനാലും തെരച്ചിൽ ദിവസങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ആഗസ്റ്റ് 16ന് ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിച്ചു.

അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് സഹായം അഭ്യർത്ഥിച്ചതിനു പിന്നാലെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. ഇതോടെയാണ് ഷിരൂരിൽ ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ നടത്തിയത്. തെരച്ചിൽ അനന്തമായി നീണ്ടപ്പോൾ സർക്കാരിടപെട്ട് ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ക്ലർക്കായി ജോലി നൽകിയിരുന്നു. ഒരുവയസുകാരനായ അയാൻ മകനാണ്.


Source link

Related Articles

Back to top button