‘വാഴ’ താരങ്ങൾ ഓൺ എയറിൽ; ‘ഒടിടിയിൽ നന്നായി അഭിനയിക്കണ്ടേ’; ചർച്ചയായി സിജുവിന്റെ മറുപടി

തിയറ്ററുകളിൽ ഹിറ്റായി മാറിയ ‘വാഴ’ സിനിമ ഒടിടിയിലെത്തിയതോടെ വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. സിനിമയ്ക്കെതിരെ മാത്രമല്ല ചിത്രത്തിലെ അഭിനേതാക്കൾക്കെതിരെയും കനത്ത ഡീഗ്രേഡിങ് ആണ് നടക്കുന്നത്. ഇപ്പോഴിതാ വിമർശകർക്കു മറുപടിയുമായി എത്തുകയാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തിയ സിജു സണ്ണിയും അമിത് മോഹനും.
ചിത്രത്തില്‍ കോട്ടയം നസീറിന്റെ മകനായ വിഷ്ണു എന്ന കഥാപാത്രത്തെയാണ് നടനും കണ്ടന്റ് ക്രിയേറ്ററുമായ അമിത് മോഹൻ അവതരിപ്പിച്ചത്. സിനിമയിൽ ഏറെ ചര്‍ച്ചയായി മാറിയ തന്റെ രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു അമിത്തിന്റെ പ്രതികരണം. ‘ടണ്‍ കണക്കിന് എയര്‍’ എന്ന കുറിപ്പോടെയാണ് അമിത് ട്രോളുകളോട് പ്രതികരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളേയും മാനിക്കുന്നുവെന്നും അമിത് പറയുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ വിപിന്‍ദാസ്, നടന്‍ സിജു സണ്ണി തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. ‘ഉയരത്തില്‍ പറക്കുക’ എന്നായിരുന്നു വിപിന്‍ ദാസിന്റെ പ്രതികരണം. അതേസമയം ‘സുഹൃത്തേ ഒടിടിയില്‍ നന്നായി അഭിനയിക്കണ്ടേ’ എന്നായിരുന്നു സിജു സണ്ണിയുടെ പ്രതികരണം. സിജുവിന്റെ ഈ കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സിജുവിന്റെ പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്.
2023ല്‍ പുറത്തിറങ്ങിയ ‘രോമാഞ്ച’ത്തിലൂടെ സിനിമയിലും ശ്രദ്ധനേടി. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന രണ്ടാമത്തെ ചിത്രത്തിൽ ബേസിൽ ജോസഫിന്റെ സുഹൃത്തായ ഷംസുവായും പ്രേക്ഷക ശ്രദ്ധനേടി. ബേസിൽ ജോസഫ് നായകനാകുന്ന ‘മരണമാസി’ലൂടെ തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുകയാണ് സിജു.
നേരത്തെ നടൻ ജിബിൻ ഗോപിനാഥ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളർത്തുന്ന ചില ആളുകളിലുണ്ടെന്നാണ് ജിബിൻ പറയുന്നത്.‘വാഴ’ സിനിമയിൽ അഭിനയിച്ച പുതുമുഖ താരങ്ങൾക്കെതിെര സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒടിടിയിൽ എത്തുമ്പോൾ സിനിമകൾ കീറിമുറിക്കപ്പെടുന്നത് പതിവാണ്, സ്വാഭാവികമാണ്. പക്ഷേ സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളർത്താതെ കമന്റ് ചെയ്തുകൂടെ. പുതുമുഖം എന്ന പരിഗണനയെങ്കിലും കൊടുത്തുകൂടെ. സംഘടിതമായ ആക്രമണം നടക്കുന്നത് കണ്ടതുകൊണ്ട് എഴുതിപോകുന്നതാണ്. പ്ലീസ്…(ഞാനെന്ന വ്യക്തി ഇതൊക്കെ ഒത്തിരി അനുഭവിച്ചതാണ്. ഇപ്പോ ഇത്തരം പ്രോബ്ലെംസ് എന്നെ ബുദ്ധിമുട്ടിക്കാറുമില്ല. പക്ഷേ പുതുമുഖങ്ങളെ സംബന്ധിച്ച് ഈ നിമിഷം കടന്ന് കൂടുക എന്നത് വലിയൊരു പ്രശ്നം തന്നെയാണ്.)’’–ജിബിന്റെ വാക്കുകൾ.
ബോക്‌സ്ഓഫിസില്‍ തരംഗമായി മാറിയ ‘വാഴ’ സെപ്റ്റംബർ 23നാണ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. പുതുമുഖങ്ങളായഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണിത്.
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. വെറും നാല് കോടി ചെലവഴിച്ച് നിര്‍മിച്ച ചിത്രമാണ് വാഴ. ചിത്രം വലിയ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. നവാഗതനായ സവിൻ എസ്.എ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിൽ ലൈലാസുരനാകും ഛായാഗ്രഹണം.
Source link