പള്ളിയിൽ അടക്കണമെന്ന് മൂത്തമകളും
കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ ഭൗതികശരീരം വിദ്യാർത്ഥികളുടെ പഠനത്തിനായി സ്വീകരിക്കാൻ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തീരുമാനിച്ചു.
മൃതദേഹം പള്ളിയിൽ അടക്കണമെന്ന ഇളയമകൾ ആശ ലോറൻസിന്റെ ഹർജിയിൽ, ഹൈക്കോടതി നിർദ്ദേശപ്രകാരം മൂന്നു മക്കളുടെയും ഹിയറിംഗ് നടത്തിയാണ് ഇന്നലെ രാത്രി 8.30ന് പ്രിൻസിപ്പൽ ഡോ.എം.എസ്. പ്രതാപ് സോംനാഥ് ഉത്തരവിറക്കിയത്. ഇതിനെതിരെ അപ്പീൽ നൽകുമെന്ന് ആശ ലോറൻസ് പറഞ്ഞു.
മൃതദേഹം പഠനത്തിന് നൽകാനായി മകൻ അഡ്വ.എം.എൽ. സജീവനൊപ്പം സമ്മതപത്രം നൽകിയിരുന്ന മൂത്തമകൾ സുജാത ബോബൻ ഇന്നലെ ഹിയറിംഗിൽ നിലപാട് മാറ്റി പള്ളിയിൽ അടക്കണമെന്ന് ആവശ്യപ്പെട്ടു. സുജാത നിലപാട് മാറ്റിയെന്ന് സജീവനും വ്യക്തമാക്കി. പ്രതികരണത്തിനില്ലെന്ന് സുജാത കേരളകൗമുദിയോട് പറഞ്ഞു.
പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ വകുപ്പ് മേധാവികൾ ഉൾപ്പെട്ട സമിതി കേരള അനാട്ടമി നിയമപ്രകാരം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ഹിയറിംഗ് അഞ്ചര വരെ നീണ്ടു. മൂന്നു പേരെയും വെവ്വേറെയാണ് കേട്ടത്.
മൃതദേഹം പഠനത്തിന് നൽകണമെന്ന നിലപാടിൽ സീനിയർ ഗവ. പ്ളീഡറായ അഡ്വ. സജീവൻ ഉറച്ചുനിന്നു. മരിച്ചയാൾ ആഗ്രഹം രേഖാമൂലം നൽകിയിട്ടില്ലെങ്കിലും വാക്കാൽ പറഞ്ഞതിന് സാക്ഷികളായി ലോറൻസിന്റെ അനുജന്റെ മകൻ അബി എബ്രഹാമിനെയും ഭാര്യാസഹോദരന്റെ മകൻ പി.എസ്. രാജനെയും ഹാജരാക്കിയിരുന്നു. കമ്മിറ്റി ഇരുവരുടെയും മൊഴിയെടുത്തു.
ആശയുടെ അഭിഭാഷകനെതിരെ
പ്രിൻസിപ്പലിന്റെ പരാതി
ഹിയറിംഗിനിടെ ആശ ലോറൻസിന്റെ അഭിഭാഷകൻ അഡ്വ.ആർ. കൃഷ്ണരാജ് തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ ഡോ.എം.എസ്. പ്രതാപ് സോംനാഥ് കളമശേരി പൊലീസിൽ പരാതി നൽകി. ഹൈക്കോടതി നിർദ്ദേശപ്രകാരം ഹിയറിംഗ് നടക്കുന്നതിനിടെ ‘ശരിയാക്കി കളയും” എന്ന രീതിയിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
Source link