അമേരിക്കൻ പാമ്പിന്റെ മുഴ നീക്കാൻ ശസ്ത്രക്രിയ

കൊച്ചി: ദക്ഷിണ അമേരിക്കൻ വളർത്തുപാമ്പിന്റെ ക്യാൻസർ മുഴ അപൂർവ ശസ്ത്രക്രിയ വഴി ഭേദമാക്കി. പാമ്പിനെ മയക്കി ശസ്ത്രക്രിയ നടത്തുകയെന്ന വെല്ലുവിളിയാണ് ഡോക്‌ടർമാർ മറികടന്നത്. മൂന്നു മണിക്കൂർ നീണ്ടു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്‌ത ടെയ്ൽഡ് ബോവ ഇനം പാമ്പാണ്. മൂന്നു ദിവസം ആശുപത്രിയിൽ കഴിയും.

പാലാരിവട്ടത്തെ ബേർഡിൻ എക്‌സ് ഏവിയൻ ആൻഡ് എക്‌സോട്ടിക് പെറ്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡോ. ടിറ്റു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഭക്ഷണം കഴിക്കാനും മറ്റും വിഷമിച്ചപ്പോഴാണ് ഉടമകൾ മൂന്നുമാസം മുമ്പ് പാമ്പിനെ ആശുപത്രിയിൽ എത്തിച്ചത്. നാസാദ്വാരത്തിലും മേൽത്താടിയുടെ എല്ലുകളിലും മുഴ കണ്ടെത്തി. സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ഡോക്‌ടർമാർ മുൻകരുതലുകളെടുത്തു. മുഴ നീക്കി മുറിവുകൾ സ്വയം ഉണങ്ങുന്ന സങ്കേതത്തിലാണ് തുന്നിയത്. നാലു മുറിവുകൾ വേണ്ടി വന്നു.

പാമ്പിന് അനസ്തേഷ്യ (മയങ്ങാനുള്ള മരുന്ന് ) നൽകുന്നതാണ് വെല്ലുവിളിയെന്ന് ഡോ. ടിറ്റു എബ്രഹാം പറഞ്ഞു. പാമ്പിന്റെ രക്തക്കുഴലുകൾ സങ്കീർണമാണ്. മയക്കം അധികമായാൽ അപകടമാണ്. കൃത്രിമശ്വാസം നൽകുന്ന ഇൻഹലേഷൻ അനസ്തേഷ്യയാണ് സ്വീകരിച്ചത്.

ഇറക്കുമതി ചെയ്യുന്ന പാമ്പുകളെ വളർത്താൻ വനം വകുപ്പിന്റെ പരിവേഷ് സർട്ടിഫിക്കറ്റ് വേണം. പ്രത്യേക കൂടുണ്ട്. ഒൻപത് മാസമായ പാമ്പിന് ആറ് അടിയോളം നീളമുണ്ട്. 10 അടി വരെ വളരും.

മൃഗശാലയിലെ വളർത്തുമീനിന് രാജ്യത്ത് ആദ്യമായി ശസ്ത്രക്രിയ നടത്തിയത് ഡോ. ടിറ്റു എബ്രഹാമാണ്. പാമ്പ്, പക്ഷികൾ, വളർത്തുകുരങ്ങ്, ഓന്തുകൾ തുടങ്ങിയവയ്ക്ക് നൂതനചികിത്സ നൽകുന്ന സ്ഥാപനമാണ് ബേർഡിൻ പെറ്റ് ഹോസ്പിറ്റൽ.


Source link
Exit mobile version