ബേക്കറിയുടെ ഡ്രെയിനേജ് ടാങ്കിൽ ശ്വാസംമുട്ടി 2 ജീവനക്കാർ മരിച്ചു

മാള : റോയൽ ബേക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ ഡ്രെയിനേജ്
ടാങ്കിലെ തടസം നീക്കാൻ ഇറങ്ങിയ രണ്ട് ജീവനക്കാർ ശ്വാസം മുട്ടി മരിച്ചു. കുഴിക്കാട്ടുശ്ശേരി സ്വദേശികളായ ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്.

ആളൂർ കാരൂരിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു ദുരന്തം. ഏഴര അടിയിലേറെ ആഴമുള്ള ടാങ്കിൽ മൂന്നടി ചെളി കിടക്കുകയായിരുന്നു. ഒരാൾക്ക് കഷ്ടിച്ച് കടക്കാനുള്ള മാൻ ഹോൾ ആണ്. ആദ്യം ഇറങ്ങിയ ജിതേഷിന്റെ പ്രതികരണം ഇല്ലാതെ വന്നപ്പോഴാണ് സുനിൽകുമാർ ഇറങ്ങിയത്.

രണ്ടുപേരുടെയും പ്രതികരണം ഇല്ലാതായപ്പോൾ ഉടമസ്ഥനായ ജോഫ്രീൻ തോമസ് ടാങ്കിലേക്ക് പകുതി ഇറങ്ങിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ കയറിപ്പോന്നു. തുടർന്ന് ചാലക്കുടി അഗ്‌നിരക്ഷാ നിലയത്തിൽ അറിയിച്ചു.

അസി. സ്റ്റേഷൻ ഓഫീസർ ടി.സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ സന്തോഷ്‌കുമാർ, എസ്.അതുൽ എന്നിവർ ശ്വസന ഉപകരണങ്ങൾ ധരിച്ച് ടാങ്കിൽ ഇറങ്ങി. രണ്ടു പേരുടെയും ചലനമറ്റ ശരീരങ്ങൾ കയർകെട്ടി ശ്രമകരമായ പ്രയത്നത്തിലൂടെയാണ് മുകളിലെത്തിച്ചത്. മൃതദേഹങ്ങൾ കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ആളൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

സുനിലിന്റെ ഭാര്യ : ലിജി, മക്കൾ: സജൽകൃഷ്ണ, സമൽകൃഷ്ണ. മരിച്ച ജിതേഷ് അവിവാഹിതനാണ്.


Source link
Exit mobile version