എട്ടുവർഷത്തിന് ശേഷം ഉന്നയിക്കുന്ന പീഡന ആരോപണം അടിസ്ഥാന രഹിതം, മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

ന്യൂഡൽഹി : എട്ട് വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
മാനഭംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഒളിവിൽപോയ നടൻ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മുൻകൂർ ജാമ്യംതേടിയാണ് ഹർജി നൽകിയത്. സിദ്ദിഖിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണിത്.
നടൻ സിദ്ദിഖ് പോകാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം ഇന്ന് അന്വേഷണ സംഘം തെരച്ചിൽ നടത്തിയിരുന്നു. സംസ്ഥാനം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സിദ്ദിഖിന്റെ മൊബൈൽ ഫോൺ രാവിലെ ഓണായെങ്കിലും വൈകാതെ വീണ്ടും സ്വിച്ച് ഓഫായി. വൈകിട്ടോടെ കീഴടങ്ങുമെന്ന അഭ്യൂഹം പരന്നിരുന്നു.
അതിനിടെ സിദ്ദിഖിന് സുപ്രീകോടതിയിൽ ഹർജി നൽകുന്നതിനു വേണ്ടിയാണ് അറസ്റ്റ് വൈകിപ്പിച്ചതെന്ന ആക്ഷേപം ഉയർന്നു. സുപ്രീംകോടതിയെ സമീപിച്ചതോടെ അറസ്റ്റ് വൈകാൻ ഇടയുണ്ടെന്നും സൂചനയുണ്ട്. തന്റെ വാദങ്ങൾ കൃത്യമായി പരിശോധിക്കപ്പെട്ടില്ലെന്നും ഹൈക്കോടതിക്ക് പിഴവു പറ്രിയെന്നുമാണ് സിദ്ദിഖ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും അതിജീവിതയും സുപ്രീംകോടതിയിൽ തടസഹർജി നൽകി.
Source link