പട്ടികജാതി വിഭാഗത്തിലെ 68 പേര്‍ക്ക് ആരോഗ്യവകുപ്പില്‍ അപ്രന്റീസായി നിയമനം 

നഴ്സിങ് /പാരമെഡിക്കല്‍ അപ്രന്റീസുമാര്‍ക്കുള്ള നിയമന ഉത്തരവ് മന്ത്രി ഒ.ആര്‍ കേളു കൈമാറി

പട്ടികജാതി വിഭാഗത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമിട്ട് ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ഇന്നത്തെ കാലത്ത് തൊഴില്‍മേഖല ലോകത്താകമാനമായി വ്യാപിച്ചിരിക്കുന്നുവെന്നും അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നഴ്‌സിങ്, പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമാധാരികളായ യുവതി-യുവാക്കള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ അപ്രന്റീസായുള്ള നിയമന ഉത്തരവ് കൈമാറുന്നതിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നഴ്‌സിങ് / പാരമെഡിക്കല്‍ ബിരുദധാരികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി മികവുറ്റ ജോലി കരസ്ഥമാക്കുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ, സര്‍ക്കാര്‍ ആശുപത്രികളില്‍ താത്കാലികാടിസ്ഥാനത്തില്‍ പരിശീലനം നല്‍കുന്ന പദ്ധതി പ്രകാരം 68 പേര്‍ക്കാണ് അപ്രന്റിസ് നിയമന ഉത്തരവ് നല്‍കിയത്.

ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ബി.എസ്.സി നഴ്സിങ്, ജനറല്‍ നഴ്സിങ് യോഗ്യതയുള്ള 56 പേരെ അപ്രന്റിസ് നഴ്സായും, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കല്‍ കോഴ്സുകള്‍ പാസായ 12 പേരെ പാരമെഡിക്കല്‍ അപ്രന്റീസായുമാണ് നിയമിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷമാണ് പരിശീലന കാലയളവ്. ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസം 18,000 രൂപയും ജനറല്‍ നഴ്സിങ് യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസം 15,000 രൂപയും പാരാമെഡിക്കല്‍ അപ്രന്റീസുമാര്‍ക്ക് പ്രതിമാസം 12,000 രൂപയും ഹോണറേറിയം നല്‍കും. പരിശീലന കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും.

പട്ടികജാതി വികസന വകുപ്പിന്റെ വെള്ളയമ്പലം പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ വി.സജീവ് അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദുമോഹന്‍, ജില്ലാ നഴ്സിങ് ഓഫീസര്‍ ജയശ്രീ പി കുഞ്ഞച്ചന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീനാറാണി.എസ് എന്നിവരും പങ്കെടുത്തു.


Source link
Exit mobile version