തിരുവനന്തപുരം: യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ മുൻകൂർജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖിനെ തിരയുന്നത് പൊലീസിന്റെ ആറ് സംഘങ്ങൾ. രാജ്യം വിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും നിരീക്ഷണമുണ്ട്. സിദ്ദിഖിനെ പിടികൂടാൻ മ്യൂസിയം പൊലീസ് കൊച്ചിയിലെത്തി തിരച്ചിൽ തുടരുകയാണ്.
സിദ്ദിഖ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചതിനാൽ വിധിവരും വരെ അന്വേഷണ സംഘം കാത്തിരുന്നേക്കാം. സിദ്ദിഖിനെതിരേ ജീവപര്യന്തം തടവ് കിട്ടാവുന്ന ബലാത്സംഗം (ഐപിസി 376), 2വർഷം തടവുശിക്ഷയുള്ള ഭീഷണിപ്പെടുത്തൽ (506) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നടിമാരുടെ ആരോപണങ്ങളിൽ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ടവരെയെല്ലാം അറസ്റ്റ്ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയവരെ വിളിച്ചുവരുത്തി ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും. സിദ്ദിഖിന്റെ കാര്യത്തിൽ ഇനി തെളിവു ശേഖരണം വേണ്ട. ആവശ്യത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അറസ്റ്രിലായാൽ ഹൈക്കോടതി നിർദ്ദേശപ്രകാരം മെഡിക്കൽ പരിശോധന നടത്തും. ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ ലൈംഗിക അതിക്രമങ്ങൾ വെളിപ്പെടുത്തിയവരെ നേരിൽ കണ്ട് പ്രത്യേക സംഘം മൊഴിയെടുക്കുന്നുണ്ട്. വെളിപ്പെടുത്തലിൽ ഉറച്ചുനിന്നാൽ കേസെടുക്കും.
Source link