സൂപ്പർ ലീഗ് നാലാം റൗണ്ടിലേക്ക്: ഇനി പൊടിപാറും കളി
മലപ്പുറം: പോയന്റ് പട്ടികയിൽ പോരാട്ടം ശക്തമായ സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്.സിക്ക് തൃശൂർ മാജിക് എഫ്.സിയാണ് എതിരാളികൾ. നാളെ മലപ്പുറം എഫ്.സി കണ്ണൂർ വാരിയേഴ്സ്, 27ന് ഫോഴ്സ് കൊച്ചി – തിരുവനന്തപുരം കൊമ്പൻസ് പോരാട്ടങ്ങളും നാലാം റൗണ്ടിനെ കൊഴുപ്പിക്കും.
മൂന്നാം റൗണ്ടിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ചപ്പോൾ അഞ്ച് പോയന്റ് വീതം നേടി മൂന്ന് ടീമുകൾ തലപ്പത്തുണ്ട്. ഗോൾ ശരാശരിയാണ് കോഴിക്കോടിനെ ഒന്നാമതും തിരുവനന്തപുരത്തെ രണ്ടാമതും കണ്ണൂരിനെ മൂന്നാമതും നിറുത്തുന്നത്. മലപ്പുറം (നാല്), കൊച്ചി (രണ്ട്), തൃശൂർ (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ പോയന്റ് നില.
മൂന്ന് റൗണ്ട് മത്സരം പൂർത്തിയായതോടെ ടീമുകളിലെ കളിക്കാർ തമ്മിലുള്ള ഒത്തിണക്കം മെച്ചപ്പെട്ടിട്ടുണ്ട്. എതിരാളികളുടെ ശക്തി ദൗർബല്യങ്ങൾ മനസിലാക്കാൻ പരിശീലകർക്കും അവസരം ലഭിച്ചു. ഇത് വരും മത്സരങ്ങളെ കൂടുതൽ കടുപ്പമേറിയതും ആവേശം നിറഞ്ഞതുമാക്കുമെന്ന് തൃശൂർ മാജിക് എഫ്.സി സഹ പരിശീലകൻ സുശാന്ത് മാത്യൂ പറയുന്നു.
ആദ്യ ജയം മോഹിച്ച് തൃശൂർ
ഹോം ഗ്രൗണ്ടിൽ ആദ്യ വിജയം മോഹിച്ചാണ് കാലിക്കറ്റ് എഫ്.സി ഇന്ന് കോഴിക്കോട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്.സിയെ നേരിടുക. ഇവിടെ നടന്ന രണ്ട് കളികളിലും കാലിക്കറ്റ് ടീം സമനില വഴങ്ങി. ഇന്ന് ജയത്തോടെ മൂന്ന് പോയന്റ് സ്വന്തമാക്കി ഒന്നാംസ്ഥാനം ഭദ്രമാക്കാനാവും പരിശീലകൻ ഇയാൻ ആൻഡ്രൂ ഗിലാന്റെ പ്ലാൻ. ഗോളടി തുടരുന്ന ഗനി നിഗം തന്നെയാവും ഇന്നും ടീമിന്റെ തുറുപ്പുചീട്ട്. ലീഗിൽ മൂന്ന് ഗോളുമായി ഗനി ടോപ് സ്‌കോററാണ്.
ആദ്യ രണ്ട് കളികളും തോറ്റ തൃശൂർ അവസാന മത്സരത്തിൽ മലപ്പുറത്തെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് കരുത്തറിയിച്ചിട്ടുണ്ട്. ലീഗിൽ ഗോളടിക്കാൻ പ്രയാസപ്പെടുന്ന ടീമാണ് തൃശൂർ. ഇന്ന് നായകൻ സി.കെ.വിനീതിനൊപ്പം മാർസലോ, അഭിജിത്ത് എന്നിവരും ഗോൾപോസ്റ്റ് ലക്ഷ്യമിട്ടാൽ ആദ്യജയമെന്ന തൃശൂർ മോഹം സഫലമാകും.
Source link