കേരളത്തിലും എൻ.ആർ.ഐ പ്രവേശനത്തിന് ‘അമ്മായി ക്വാട്ട’!

തിരുവനന്തപുരം: തട്ടിപ്പാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ച പഞ്ചാബിലേതിനു സമാനമായി എം.ബി.ബി.എസ്,നഴ്സിംഗ് എൻ.ആർ.ഐ ക്വാട്ട പ്രവേശന തരികിട കേരളത്തിലും. പ്രവാസികളുടെ മക്കൾക്കായി തുടങ്ങിയ 15% എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടുന്നതിലേറെയും അമ്മാവന്റെയും അമ്മായിയുടെയും മക്കളും അകന്നബന്ധുക്കളും. ഇത്തരത്തിൽ എൻ.ആർ.ഐ ക്വാട്ട നിർവചനം വികസിപ്പിച്ച് ഉത്തരവിറക്കിയത് 2019ൽ.
മാതാവ്,പിതാവ്,മാതാവിന്റെയോ പിതാവിന്റെയോ സഹോദരങ്ങളുടെ മക്കൾ (ഫസ്റ്റ് കസിൻസ്),ഭാര്യ,ഭർത്താവ്,അർദ്ധ സഹോദരങ്ങൾ,അനന്തരവൾ,ദത്തെടുത്ത മാതാപിതാക്കൾ എന്നിവരുടെ സ്പോൺസർഷിപ്പിലെല്ലാം എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. മാതാവിന്റെയും പിതാവിന്റെയും സഹോദരങ്ങളുടെ മക്കളെയടക്കം എൻ.ആർ.ഐ ക്വാട്ടയിൽ ഉൾപ്പെടുത്തിയാണ് നിർവചനം വികസിപ്പിച്ചത്. ഇതോടെ വിദേശത്ത് താമസിക്കുന്ന അമ്മായിയും അമ്മാവനും അർദ്ധസഹോദരങ്ങളുമുള്ളവർ മെറിറ്റുള്ളവരെ മറികടന്ന് പ്രവേശനം നേടുന്നുവെന്നാണ് ആക്ഷേപം.
അമ്മാവനെയും അമ്മായിയെയും മുത്തച്ഛനെയും അമ്മാവന്റെ മക്കളെയുമെല്ലാം ഉൾപ്പെടുത്തിയതോടെ എൻ.ആർ.ഐ ക്വാട്ടയുടെ ലക്ഷ്യത്തിൽ പഞ്ചാബ് സർക്കാർ വെള്ളംചേർത്തെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. സമാന രീതിയിലാണ് കേരളത്തിലും നടക്കുന്നതെന്നാണ് ആക്ഷേപം.
പ്രവേശനത്തിന്
നൽകേണ്ടവ
സ്പോൺസർക്ക് വിദേശത്ത് ജോലിയുണ്ടെന്ന് എംബസി/കോൺസുലേറ്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്
വിദ്യാർത്ഥി ബന്ധുവാണെന്ന സ്പോൺസറുടെ 200രൂപയുടെ മുദ്രപത്രത്തിലെ സത്യവാങ്മൂലം, പാസ്പോർട്ട്,വിസ പകർപ്പുകൾ
വിദ്യാർത്ഥിക്ക് സ്പോൺസറുമായി ബന്ധുത്വമുണ്ടെന്ന് റവന്യു അധികൃതരുടെ സാക്ഷ്യപ്പെടുത്തൽ
അമ്മാവൻ,അമ്മായി എന്നിവരുടെ സ്പോൺസർഷിപ്പാണെങ്കിൽ ബന്ധം വില്ലേജ്ഓഫീസർ ഉറപ്പിക്കണം
അനന്തരവൾ,മാതൃ/പിതൃ സഹോദര മക്കൾ എന്നിവരാണെങ്കിൽ അക്കാര്യം വില്ലേജിലെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം
വിദ്യാർത്ഥി സ്പോൺസറുടെ ആശ്രിതനാണെന്നും ഫീസടക്കം എല്ലാചെലവുകളും സ്പോൺസർ വഹിക്കുമെന്നുമുള്ള സത്യവാങ്മൂലം നോട്ടറി സാക്ഷ്യപ്പെടുത്തണം
10 ലക്ഷം രൂപ തലവരി
ബി.എസ്‌സി നഴ്സിംഗ് എൻ.ആർ.ഐ സീറ്റിന് 5മുതൽ 10ലക്ഷംവരെ തലവരിയായി ഇടാക്കുന്നു. 1.3ലക്ഷം വാർഷികഫീസുമുണ്ട്. മാനേജ്മെന്റുകളാണ് പ്രവേശനം നടത്തുന്നത്
എം.ബി.ബി.എസിന് 20ലക്ഷമാണ് എൻ.ആർ.ഐ ഫീസ്. എൻട്രൻസ് കമ്മിഷണറാണ് അലോട്ട്മെന്റ് നടത്തുന്നതെന്നതിനാൽ കോളേജുകൾക്ക് തലവരിയീടാക്കാൻ അവസരമില്ല
ഡെന്റലിന് എൻ.ആർ.ഐ ക്വാട്ടയിൽ ആറുലക്ഷം രൂപയാണ് ഫീസെങ്കിലും ഡിമാന്റ് കുറവാണ്. ഈ സീറ്റുകളിൽ ആവശ്യക്കാരില്ലെങ്കിൽ ജനറൽ മെരിറ്രിലേക്ക് മാറ്റാറുണ്ട്
Source link