തിരുവനന്തപുരം: സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടിയില്‍ തൊഴില്‍രഹിതര്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ട ലോബര്‍ ഫോഴ്‌സ് സര്‍വേയിലാണ് കേരളത്തിലെ കണക്കുകള്‍ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് വ്യക്തമാക്കുന്നത്. 100ല്‍ 29 യുവാക്കള്‍ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്നുവെന്നാണ് സര്‍വേയില്‍ പറയുന്നത്. 29 വയസ്സുവരെയുള്ള ആളുകളുടെ കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രഭരണപ്രദേശങ്ങളായ ആന്‍ഡമാന്‍, ലക്ഷ്ദ്വീപ് എന്നിവിടങ്ങള്‍ മാത്രമാണ് ഈ കണക്കില്‍ കേരളത്തെക്കാള്‍ കൂടുതലുള്ളത്.
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ അലട്ടാത്തതില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്. കേരളത്തിലെ സ്ത്രീകളില്‍ 47.1 ശതമാനം പേര്‍ക്കും തൊഴിലില്ലെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍. കേരളത്തിലെ ആകെ തൊഴിലില്ലായ്മ നിരക്കിലും ഇത്തവണ വര്‍ദ്ധനയുണ്ട്. 2023-24 വര്‍ഷത്തില്‍ കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് ഏഴ് ശതമാനമായിരുന്നു.
അതേസമയം, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണെങ്കിലും 2017 മുതല്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 2017-18 വര്‍ഷത്തില്‍ 11.4 ശതമാനമായിരുന്ന നിരക്ക് ഇപ്പോള്‍ 7.2ലെത്തി. സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ (8.5 ശതമാനം)യുടെ പിന്നില്‍ രണ്ടാമതാണ് കേരളം. നാഗാലാന്റ് (7.1 ശതമാനം), മേഘാലയ (6.2 ശതമാനം) എന്നീ സംസ്ഥാനങ്ങളും കേരളത്തിന് തൊട്ടുപിന്നിലുണ്ട്.
കേരളത്തില്‍ വയസ്സായവരുടെ എണ്ണം കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ ആകെ ജനസംഖ്യയില്‍ പ്രായമായവര്‍ കൂടുതലുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ 16.5 ശതമാനം ആളുകളും പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 13.6 ശതമാനം വൃദ്ധജനങ്ങളുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് പ്രായമായവര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ളതിനാല്‍ കേരളത്തില്‍ ശരാശരി ആയുസ് ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇതിന് കാരണം.
Source link