കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥിന്റെ (20) മരണവുമായി ബന്ധപ്പട്ട് സസ്‌പെൻഷനിലായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. മുൻ ഡീൻ എം.കെ.നാരായണൻ, മുൻ അസി.വാർഡൻ കാന്തനാഥൻ എന്നിവരെയാണ് സർവീസിൽ തിരിച്ചെടുത്തത്. ആറുമാസത്തെ സസ്‌പെൻഷൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണിത്. ഇരുവർക്കും തിരുവാഴംകുന്ന് കോളേജ് ഒഫ് ഏവിയൻ സയൻസസ് ആന്റ് മാനേജ്മെന്റിലാണ് നിയമനം നൽകിയിരിക്കുന്നത്.
ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിന്മേൽ ഇരുവരെയും മാതൃകാപരമായി ശിക്ഷിക്കമെന്ന് വി സി കെ എസ് അനിൽ ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് എതിർക്കുകയായിരുന്നു. ഇവർക്കെതിരെ കൂടുതൽ നടപടി വേണമെന്ന് ചാൻസലർ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടിരുന്നു. സസ്‌പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതിനാൽ ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ചാൻസലറുടെ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് ഡോ.കാന്തനാഥൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ തീർപ്പായിട്ടില്ല. ഹൈക്കോടതി നിലപാട് അറിഞ്ഞതിനുശേഷം ബാക്കി നടപടി സ്വീകരിക്കാമെന്നാണ് മാനേജ്‌മെന്റ് കൗൺസിലിന്റെ തീരുമാനം.
ഈ വർഷം ഫെബ്രുവരിയിലാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പസിൽ ഉണ്ടായിരുന്നിട്ടും ഡീൻ ആൾക്കൂട്ട വിചാരണ അറിഞ്ഞില്ല, ഹോസ്റ്റൽ ചുമതലയുണ്ടായിരുന്ന കാന്തനാഥനും വീഴ്ചയുണ്ടായി എന്ന് കാണിച്ചായിരുന്നു സസ്‌പെൻഷൻ.
ഇരുവരും ജോലിയിൽ തുടർന്നാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹോസ്റ്റലിൽ നടന്ന സംഭവം അറിയില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്നും വ്യക്തമാക്കിയായിരുന്നു സസ്പെഷൻ. എന്നാൽ സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും സിദ്ധാർത്ഥിന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടുവെന്നുമായിരുന്നു ഡീൻ എം കെ നാരായണൻ നൽകിയ വിശദീകരണം.
Source link