കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. 2018ൽ നടന്ന വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.’മീടൂ എന്ന് പറയുന്നത് നല്ല ക്യാമ്പയിനാണ്. അത് സിനിമാ നടിമാർക്ക് മാത്രമല്ല, കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും നല്ലതാണ്. എനിക്കെതിരെ ഒരാൾ ഒരു ഉപദ്രവം ചെയ്താൽ ഞാൻ അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഒരു പെൺകുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. ഇരുപത് വർഷം കാത്തിരിക്കണമെന്നില്ല. അപ്പോൾ അടിക്കണം കരണം നോക്കി. ആ സമയത്ത് പേര് വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല, ഇരുപത് കൊല്ലം കഴിഞ്ഞ് ഇപ്പോൾ കുറേശ്ശെ ധൈര്യം വന്നെന്ന് പറയാൻ നിൽക്കരുത്.
എല്ലാ പെൺകുട്ടികളുടെ കൂടെയും കേരള ജനത മുഴുവൻ ഉണ്ടാകും. ആക്രമിക്കപ്പെടുന്ന ആ സെക്കൻഡിൽ പ്രതികരിക്കാൻ ശ്രമിക്കണമെന്നാണ് എന്റെ അപേക്ഷ. ഈ പുരുഷന്മാരെല്ലാം സ്ത്രീകളുടെ ശത്രുക്കളാണെന്ന് വിചാരിക്കരുത്. അല്ലെങ്കിൽ സിനിമയ്ക്കകത്ത് മുഴുവൻ ഇങ്ങനെ പീഡനം നടക്കുകയാണെന്ന് വിശ്വസിക്കരുത്. ഒറ്റപ്പെട്ട സംഭവമുണ്ടാകുമ്പോൾ അതിനെതിരെ നടപടികളെടുക്കുന്നുണ്ട്. അറിവ് കിട്ടിയാൽ അത് കേസാക്കുന്നുണ്ട്. എന്താണ് അവർ പൊലീസിൽ പരാതിപ്പെടാത്തത്. പൊലീസിൽ പരാതിപ്പെടേണ്ട കാര്യം പൊലീസിൽ പരാതിപ്പെടണം.’- എന്നാണ് സിദ്ദിഖ് അന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അന്തരിച്ച നടി കെ പി എ സി ലളിതയും സിദ്ദിഖിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
Source link