വയനാട് ദുരന്തം: 1200 കോടിയുടെ കണക്കിൽ ആശങ്ക ഉയർത്തി മന്ത്രിമാർ
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് 1,202 കോടിയുടെ ചെലവ് കണക്കാക്കി കേന്ദ്രത്തിനയച്ച മെമ്മോറാണ്ടം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട സഹായത്തെ ബാധിക്കുമോയെന്ന് ഇന്നലെ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ആശങ്കയറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും ഈ കണക്ക് ഉൾപ്പെട്ടിരുന്നു. മെമ്മോറാണ്ടത്തിലുള്ളത് മതിപ്പ് ചെലവിന്റെ കണക്കാണെങ്കിലും യഥാർത്ഥ കണക്കെന്ന മട്ടിൽ ദൃശ്യമാദ്ധ്യമങ്ങളിൽ വാർത്ത വന്നതിലാണ് ആശങ്ക.
. ഇത്തരം പ്രചാരണം വഴി സർക്കാർ കള്ളക്കണക്കാണ് നൽകുന്നതെന്ന് ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു. സ്ഥിരീകരിക്കാത്ത ഇത്തരം വാർത്തകൾ എന്തുകൊണ്ടാണ് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പരിശോധിക്കണമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ സർക്കാരിനെതിരായ വികാരമുണ്ടാക്കാൻ പര്യാപ്തമാണെങ്കിലും ജനം യാഥാർത്ഥ്യം മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മതിപ്പു ചെലവുകളുടെ അടിസ്ഥാനത്തിലാണ് മെമ്മോറാണ്ടം തയാറാക്കി കേന്ദ്രത്തിനയച്ചതെന്ന് മന്ത്രി കെ.രാജൻ വിശദീകരിച്ചു. കേന്ദ്ര മാനദണ്ഡ പ്രകാരം സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്ന് ചെലവിടാവുന്ന തുകയ്ക്ക് പരിധിയുണ്ട്. മരണത്തിന് നാല് ലക്ഷവും വീട് നഷ്ടപ്പെട്ടാൽ 1.30 ലക്ഷവുമാണ് നൽകാനാവുക. യഥാർത്ഥ നഷ്ടം ഇതിലുമേറെയാണ്. കേന്ദ്ര മാനദണ്ഡത്തിൽപ്പെടാത്ത മറ്റു ചെലവുകളുമുണ്ട്. പ്രതീക്ഷിക്കുന്ന യഥാർത്ഥഥ ചെലവെന്ന നിലയ്ക്കാണ് ആക്ച്വൽസ് വിഭാഗത്തിൽ ഇത്തരം ചെലവുകൾ ഉൾപ്പെടുത്തുന്നത്. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 379 കോടിയിൽ നിന്ന് പണം ചെലവിട്ടു തുടങ്ങിയിട്ടില്ല. എന്നാൽ ശവസംസ്‌കാരത്തിന് 75,000 രൂപ വീതം ചെലവിട്ടെന്ന രീതിയിലാണ് പ്രചാരണമുണ്ടായത്. മൃതദേഹം കണ്ടെത്തുന്നതു മുതൽ സംസ്‌കാരത്തിന് സ്ഥലം വാങ്ങേണ്ടത് അടക്കമുള്ള മതിപ്പു ചെലവുകളാണ് പട്ടികയിലുൾപ്പെടുത്തിയത്. 2013 മുതൽ സംസ്ഥാനം ഇത്തരത്തിൽ തയാറാക്കി കേന്ദ്രത്തിന് നൽകിയിട്ടുള്ള നിവേദനങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ പക്കലുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളോട് വിശദീകരിക്കാൻ സി.പി.എം
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നൽകിയ നിവേദനത്തിൽ പെരുപ്പിച്ച കണക്ക് നൽകിയെന്ന വിവാദത്തിൽ വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം. 20 മുതൽ 23 വരെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും 24ന് ജില്ലാ തലത്തിൽ ബഹുജന പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിക്കും. വയനാട് ജില്ലയിൽ ഏരിയാ തലത്തിലും കൂട്ടായ്മ നടത്തും.
ഒരു വിഭാഗം മാദ്ധ്യമങ്ങളുടേയും,യു.ഡി.എഫിന്റെയും, ബി.ജെ.പിയുടേയും നേതൃത്വത്തിൽ വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, അർഹതപ്പെട്ട കേന്ദ്രസഹായം ഇല്ലാതാക്കാനും നടത്തുന്ന കള്ള പ്രചരണത്തിനെതിരെയാണ് കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. കേരളത്തിനൊപ്പം ദുരന്തമുണ്ടായ ഇടങ്ങളിൽ സഹായം ലഭിക്കുമ്പോൾ ഇതുവരെ സംസ്ഥാനത്തിന് സഹായം ലഭിക്കാത്തതിനു പിന്നിൽ രാഷ്ട്രീയമാണെന്ന ആരോപണവും സി.പി.എം നേതാക്കൾ ഉന്നയിക്കുന്നു.
ഇതിനിടെ, സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമർശനം കടുപ്പിച്ചു. നിവേദനം നൽകി 50 ദിവസം പിന്നിട്ടിട്ടും കേന്ദ്രം സഹായം നൽകിയില്ലെന്ന പരാതി ഉന്നയിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും, നിവേദനത്തിലെ കണക്കുകളിൽ ഗുരുതര പിഴവുണ്ടെന്നുമാണ് ആരോപണം.
Source link