KERALAMLATEST NEWS

വേദനയില്ലാതെ കൊല്ലും, ഒരാൾക്ക് ചെലവ് പത്ത് ലക്ഷം രൂപ; മരിക്കാൻ വേറിട്ട മാർഗം  തിരഞ്ഞെടുത്ത് ദമ്പതികൾ

ദിനംപ്രതി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ കൂടി വരികയാണ്. പ്രായഭേദമില്ലാതെ പല തരത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാതെ ജീവനൊടുക്കുന്നവർക്ക് വേണ്ടി കണ്ടെത്തിയിട്ടുള്ള ഉപകരണമാണ് ‘സൂയിസൈഡ് പോഡ്’ (ആത്മഹത്യാ പേടകം). ഇതിനെക്കുറിച്ചുള്ള നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ബ്രിട്ടീഷ് ദമ്പതികളായ പീറ്റർ സ്കോട്ടും (86) ക്രിസ്റ്റിൻ സ്കോട്ടും (80) സൂയിസൈഡ് പോഡ് ഉപയോഗിച്ച് മരിക്കാൻ തീരുമാനിച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ എന്താണ് സൂയിസൈഡ് പോഡ് എന്നറിയാനുള്ള ജനങ്ങളുടെ താൽപ്പര്യവും വർദ്ധിച്ചിട്ടുണ്ട്.

റോയൽ എയർ ഫോഴ്‌സ് മുൻ പൈലറ്റായ പീറ്ററും ഭാര്യയും വിവാഹിതരായിട്ട് ഏകദേശം അര നൂറ്റാണ്ട് പിന്നിട്ടു. പരസ്‌പരം വളരെയേറെ സ്‌നേഹത്തോടെ കഴിയുന്ന ഇവർക്കിടയിലേക്ക് യാദൃശ്ചികമായാണ് ഡിമൻഷ്യ എന്ന അസുഖം കടന്നുവരുന്നത്. ഭാര്യയ്‌ക്ക് ഓർമക്കുറവ് ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആത്മഹത്യയെക്കുറിച്ച് പീറ്റർ ആലോചിക്കുന്നത്. രണ്ടുപേരും ഇപ്പോൾ വാർദ്ധക്യത്തിലാണ്. കഴിയുന്ന കാലം വരെ തന്റെ ഭാര്യയെ നോക്കും അതിനുശേഷം ഇരുവരും സ്വിറ്റ്‌സർലൻഡിലുള്ള സൂയിസൈഡ് പോഡിലൂടെ മരണത്തിന് കീഴടങ്ങും എന്നാണ് പീറ്റർ ഡെയ്‌ലി മെയിലിനോട് പറഞ്ഞത്.

ദമ്പതികൾ അവരുടെ തീരുമാനം മകനെയും മകളെയും അറിയിച്ചു. ആദ്യം എതിർത്തുവെങ്കിലും മാതാപിതാക്കളുടെ ഇഷ്‌ടത്തിന് അവർ പിന്നീട് സമ്മതം മൂളുകയായിരുന്നു. ‘എനിക്ക് പീറ്ററിനൊപ്പം സ്വിസ് ആൽപ്‌സിലെ നദിക്കരയിലൂടെ നടക്കണമെന്ന് ആഗ്രഹമുണ്ട്. എന്റെ അവസാനത്തെ അത്താഴത്തിന് ഒരു പ്ലേറ്റ് മത്സ്യവും വലിയ കുപ്പി മേർലോട്ടും വേണം. അത് ആസ്വദിച്ച് കഴിക്കണം’, ക്രിസ്റ്റിൻ പറഞ്ഞു.

എന്താണ് സൂയിസൈഡ് പോഡ്?

1942 മുതൽ സ്വിറ്റ്‌സർലൻഡിൽ ദയാവധം നിയമവിധേയമാണ്. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത രോഗത്താൽ വലയുന്നവർക്ക് ഡോക്‌ടറുടെ സാക്ഷ്യപത്രമുണ്ടെങ്കിൽ ദയാവധം അനുവദിക്കും. അത്തരത്തിലുള്ളവർക്ക് സമാധാനപരവും വേദനാരഹിതവുമായ മരണം ലഭിക്കാൻ വേണ്ടി കണ്ടെത്തിയ ഉപകരണമാണ് സൂയിസൈഡ് പോഡ്. ഈ പോഡിനുള്ളിൽ കയറി പത്ത് മിനിട്ടിനുള്ളിൽ തന്നെ വേദനയില്ലാതെ ആ വ്യക്തി മരിക്കും. മരണവെപ്രാളം പോലുള്ള പ്രശ്‌നങ്ങൾ പോലും ഉണ്ടാകുന്നില്ല.

വായു കടക്കാത്ത ഈ പോഡിനുള്ളിൽ കയറിയ ശേഷം അതിലെ ബട്ടണിൽ അമർത്തണം. അപ്പോൾ പോഡ് മുഴുവൻ നൈട്രജൻ കൊണ്ട് നിറയും. ഇതോടെ ഓക്‌സിജൻ ശരീരത്തിലെത്തുന്നത് തടസപ്പെട്ട് അബോധാവസ്ഥയിലാകും. ഉടൻ തന്നെ ആ വ്യക്തിയുടെ മരണം സംഭവിക്കും. 3000 ഫ്രാങ്ക് ( 2,96,019രൂപ) മുതൽ 10000 ഫ്രാങ്ക് (9,86,733 രൂപ) വരെയാണ് ഇതിന് ചെലവാകുന്ന തുക. നേരത്തേ, ഗുളിക, കുത്തിവയ്‌പ്പ് എന്നിവയിലൂടെയായിരുന്നു സ്വിറ്റ്‌സർലന്റിൽ ദയാവധം നടത്തിയിരുന്നത്.

കണ്ടെത്തിയത്?

‘ഡോ. ഡെത്ത്’ എന്നറിപ്പെടുന്ന ഓസ്‌ട്രേലിയക്കാരനായ ഡോ. ഫിലിപ് നിഷ്‌ചേയാണ് സൂയിസൈഡ് പോഡ് കണ്ടുപിടിച്ചത്. 2019ലെ വെനീസ് ഡിസൈൻ ഫെസ്റ്റിവലിൽ സൂയിസൈഡ് പോഡ് പ്രദർശിപ്പിച്ചിരുന്നു. കാഴ്‌ചയിൽ ബഹികാരാശ പേടകം പോലെ തോന്നിക്കും. സാധാരണ ശവപ്പെട്ടിയുടെ ഇരട്ടി വലിപ്പമാണ് ഇതിനുള്ളത്. പൂർണമായും ജീർണിക്കുന്ന വസ്‌തുക്കളാണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്.

വിമർശനം

അവതരിപ്പിച്ച നാൾ മുതല്‍, ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം സൂയിസൈഡ് പോഡിനെതിരെയുണ്ട്. യന്ത്രം ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങളില്‍ അവ്യക്തതയുണ്ട്. മാത്രമല്ല, സ്വിസ് ക്രിമിനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 115 പ്രകാരം ആത്മഹത്യയെ സഹായിക്കുന്നത് ‘സ്വാര്‍ത്ഥ’ കാരണങ്ങളാല്‍ ചെയ്യുന്ന കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നുണ്ട്. സൂയിസൈഡ് പോഡിന്റെ ഉപയോഗം നിരോധിക്കണമെന്നും മറ്റൊരാളുടെ മരണത്തെ സഹായിക്കാന്‍ യന്ത്രം ഉപയോഗിക്കുന്നവരെ ശിക്ഷിക്കണമെന്നും ഒരുകൂട്ടം സ്വിസ് അധികൃതര്‍ നേരത്തേ ആവശ്യപ്പെട്ടിട്ടുമുണ്ട്.


Source link

Related Articles

Back to top button