വർഷങ്ങൾക്കുശേഷം കണ്ടെത്തിയ വംശനാഷ ഭീഷണി നേരിടുന്ന ജീവി; പ്രത്യേക കാരണത്താൽ വെടിവച്ചുകൊന്നു

എട്ടുവർഷങ്ങൾക്കുശേഷം ആദ്യമായി കണ്ടെത്തിയ അപൂർവ്വയിനം ധ്രുവക്കരടിയെ പൊലീസ് വെടിവച്ചുകൊന്നു. ഏറ്റവുമധികം വംശനാശം നേരിടുന്ന ജീവിയായ ധ്രുവക്കരടിയെ ഐസ്‌ലൻഡിലായിരുന്നു കണ്ടെത്തിയത്. ജനജീവിതത്തിന് ഭീഷണിയാകുമെന്നതിനാലാണ് കരടിയെ കൊന്നതെന്നാണ് വിശദീകരണം.

ഒരു സമ്മർ ഹൗസിന് സമീപത്തായി ഒരു പ്രായമായ സ്ത്രീയുടെ വീടിന്റെ പരിസരത്ത് ഭക്ഷണം തേടിയെത്തിയതായിരുന്നു ധ്രുവക്കരടി. ഇതിനെക്കണ്ട് ഭയന്ന വീട്ടമ്മ റെയ്‌ക്യവിക്കിലുള്ള മകളെ അറിയിക്കുകയും അവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ധ്രുവക്കരടികളെ ഉപദ്രവിക്കുന്നതിന് ഐസ്‌ലൻഡിൽ വിലക്കുണ്ട്. അതിനാൽ തന്നെ അതിനെ കൈകാര്യം ചെയ്യുന്നതിന് മുൻപ് പൊലീസ് ഐസ്‌ലൻഡിലെ പരിസ്ഥിതി ഏജൻസിയുടെ ഉപദേശം തേടിയിരുന്നു. മനുഷ്യന്റെ ജീവന് ഭീഷണിയാവുന്ന സാഹചര്യമുണ്ടെങ്കിൽ ധ്രുവക്കരടിയെ കൊല്ലാമെന്നായിരുന്നു പൊലീസിന് ലഭിച്ച നിർദേശം. സമ്മർ ഹൗസിലെ പ്രായമായ സ്ത്രീയുടെ ജീവന് ഭീഷണിയാകാമെന്ന നിഗമനത്തിലാണ് കരടിയെ വെടിവച്ചുകൊന്നത്.

ഒഴുകുന്ന മഞ്ഞുമലയിൽ കയറിയാവാം കരടി ഗ്രീൻലൻഡിൽ നിന്ന് ഐസ്‌ലൻഡിലെത്തിയതെന്നാണ് നിഗമനം. കരടിയുടെ തലയോട്ടിയും തോലും സംരക്ഷിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

2016ലാണ് ഐസ്‌ലൻഡിൽ ധ്രുവക്കരടിയെ അവസാനമായി കണ്ടത്. ഒൻപതാം നൂറ്റാണ്ട് മുതൽ ആകെ 600 ധ്രുവക്കരടികളെയാണ് കണ്ടെത്തിയിട്ടുള്ളത്. ധ്രുവക്കരടികളെ കണ്ടെത്തിയാൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നത് മനുഷ്യജീവിതത്തിന് അപകടം ക്ഷണിച്ചുവരുത്തുമെന്ന് നേരത്തെ ഐസ്‌ലൻഡിൽ രൂപീകരിച്ച സമിതി നിരീക്ഷിച്ചിരുന്നു. ഇവയെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെത്തിക്കുന്നത് ചെലവേറിയ പ്രക്രിയയാണ്. ഇതെത്തുടർന്നാണ് മനുഷ്യജീവന് ഭീഷണിയാവുന്ന സാഹചര്യമുണ്ടെങ്കിൽ ധ്രുവക്കരടിയെ കൊല്ലാമെന്ന നിയമം ഐസ്‌ലൻഡിൽ പ്രാബല്യത്തിൽ വന്നത്.


Source link
Exit mobile version