മൂക്ക് പൊത്തണ്ട, മുഖം മാറി ബ്രഹ്മപുരം
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും വൃത്തിഹീനമായിരുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റ് ഒന്നര വർഷം കൊണ്ട് അതിശയകരമായി മാറി. 2023ൽ 13 ദിവസം കൊച്ചിയെ ശ്വാസംമുട്ടിച്ച മാലിന്യമലകളിലെ തീപിടുത്തമാണ് നിമിത്തമായത്. അഴിമതിയുടെയും അനാസ്ഥയുടെയും കൂത്തരങ്ങായിരുന്ന ബ്രഹ്മപുരത്തെ സർക്കാരും കൊച്ചി കോർപ്പറേഷനും ഒരുമിച്ചാണ് മാറ്റിയെടുത്തത്.
മൂക്കുപൊത്തണ്ട. മാലിന്യമലകൾ ഇല്ല. പ്ളാസ്റ്റിക്, മാലിന്യം അടുപ്പിക്കുന്നില്ല. ജൈവമാലിന്യം മാത്രം. മലിനജലം തളംകെട്ടിയ 110 ഏക്കർ ഭൂമി ഹരിതാഭമാകുന്നു. റോഡുകളുടെ നിർമ്മാണം തീരാറായി. എല്ലാംകാണാൻ കൊച്ചി സ്മാർട്ട് മിഷന്റെ ക്യാമറകളും.
ബ്രഹ്മപുരത്ത് 10.5 ലക്ഷം ഘനമീറ്റർ മാലിന്യമാണ് കോഴിക്കോട് എൻ.ഐ.ടി റിപ്പോർട്ട് ചെയ്‌തത്. അതിൽ 4.10 ലക്ഷം ടൺ സംസ്‌കരിച്ചു. കുഴിച്ചിട്ട 2 ലക്ഷം ടൺ തിരിച്ചെടുത്ത് ഭൂമി വീണ്ടെടുക്കണം. ഇതിനുള്ള ബയോമൈനിംഗ് മേയിൽ പൂർത്തിയാകും. ദിവസം 3000 ടൺ മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റാണുള്ളത്. റബർ, പ്ലാസ്റ്റിക്, ലോഹം എന്നിങ്ങനെ തരംതിരിക്കും. പുനരുപയോഗിക്കാൻ കഴിയാത്തവ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവലാക്കി (ആർ.ഡി.എഫ്) മാറ്റും. 41,504 ടൺ ആർ.ഡി.എഫ് നീക്കി. ബയോമൈനിംഗ് ആരംഭിച്ച ശേഷം വേനൽ കടുത്തിട്ടും തീപിടിത്തമുണ്ടായിട്ടില്ല.
പട്ടാളപ്പുഴു
പട്ടാളപ്പുഴുക്കൾ എന്ന ബ്ലാക്ക് സോൾജിയേഴ്‌സ് ഫ്ലൈ (ബി.എസ്.എഫ്) ലാർവകളെ ഉപയോഗിക്കുന്ന 50 ടൺ ശേഷിയുള്ള രണ്ടു ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകളുണ്ട്. ഇത് 100 ടൺ ആക്കാനാണ് കോർപ്പറേഷൻ ശ്രമം. പട്ടാളപ്പുഴുക്കൾ 10 ദിവസം കൊണ്ട് ജൈവമാലിന്യങ്ങൾ ഭക്ഷിച്ച് വളമാക്കും. 50 ടൺ വിൻഡ്രോ കംപോസ്റ്റ് പ്ലാന്റും സ്ഥാപിക്കും.
സി.ബി.ജി പ്ലാന്റ്
കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് കൂടി സജ്ജമാകുന്നതോടെ നില വീണ്ടും മെച്ചപ്പെടും. പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലാണ് 73 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. മാർച്ചിൽ പൂർത്തിയാകുമ്പോൾ
ദിവസം 150 ടൺ ജൈവ മാലിന്യം സംസ്‌കരിക്കും. ഇതിൽ നിന്ന് 5.6 ടൺ സി.ബി.ജിയും 28 ടൺ ജൈവ വളവും ഉത്പാദിപ്പിക്കും. കൊച്ചി റിഫൈനറിയാണ് സി.ബി.ജി ഉപയോഗിക്കുക. 50 ടൺ സംസ്കരിക്കാവുന്ന ഒരു വിൻഡ്രോ പ്ലാന്റും സജ്ജമാക്കും.
ബ്രഹ്മപുരം അടിമുടി മാറുന്നു. ജനങ്ങളുടെ ഭീതിയും മാറിത്തുടങ്ങി. . തീപിടിത്ത സാഹചര്യം ഇല്ലാതായി. പുതിയ ആർ.ഡി.എഫ് പ്ലാന്റും സജ്ജമാക്കും
അഡ്വ. എം. അനിൽകുമാർ
കൊച്ചി മേയർ
Source link