KERALAMLATEST NEWS

പൂരംകലക്കൽ വിവാദം, പുതിയ അന്വേഷണത്തിന് ഡി.ജി.പിയുടെ ശുപാർശ, റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി, അജിത്തിന്റെ വീഴ്ചകളും അന്വേഷിച്ചേക്കും

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്മേൽ പുതിയ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്. എല്ലാ ഭാഗത്തു നിന്നുമുള്ള വീഴ്ചകളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലാത്തതിനാൽ, പൊലീസിന് പുറത്തുള്ള ഏജൻസിയുടെ അന്വേഷണത്തിനാണ് ശുപാർശയെന്നറിയുന്നു.

എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടും തന്റെ ശുപാർശയും ഇന്നലെ രാവിലെ ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. തുടരന്വേഷണത്തിലടക്കം മുഖ്യമന്ത്രി ഉടൻ തീരുമാനമെടുക്കും. ആരോപണ വിധേയനായ അജിത്തിന്റെ വീഴ്ചകൾകൂടി അന്വേഷണ പരിധിയിലുണ്ടാവും. പൂരം അലങ്കോലപ്പെട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി ഇടപെടാതിരുന്നത് ദുരൂഹമാണ്. വിശദമായ അന്വേഷണം പുതുതായി നടത്തണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും സാദ്ധ്യതയുണ്ട്.

പൂരം കലക്കിയതിൽ പൊലീസിന്റെ വീഴ്ചകൾ കണ്ടെത്താനാണ് എ.ഡി.ജി.പിയെ അന്വേഷണത്തിന് നിയോഗിച്ചത്. സിറ്റി പൊലീസ് കമ്മിഷണർക്ക് ജനങ്ങളെ അനുനയിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായെന്നതൊഴിച്ചാൽ ഐ.ജി, ഡി.ഐ.ജി എന്നിവരുടെ വീഴ്ചകളൊന്നും റിപ്പോർട്ടിലില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ വിവരങ്ങളും ചിത്രങ്ങളുമാണ് 1500 പേജുകളുള്ള റിപ്പോർട്ടിലേറെയും. ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടില്ല. സ്വയം വെള്ളപൂശിയാണ് എ.ഡി.ജി.പി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതും.

തിരുവമ്പാടി ദേവസ്വത്തിന്

എതിരെ പരാമർശം

തിരുവമ്പാടി ദേവസ്വത്തിലെ ചിലർക്ക് നിക്ഷിപ്ത താത്പര്യമുണ്ടായിരുന്നെന്ന് എ.ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. തർക്കമുണ്ടായിടത്തേക്ക് സുരേഷ് ഗോപിയെ വിളിച്ചുവരുത്തിയത് ദേവസ്വം ഭാരവാഹികളാണ്. ഇതിന്റെ തെളിവായി ഫോൺരേഖകളുമുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ രാത്രിയിൽ ബാരിക്കേഡ് സ്ഥാപിച്ച ശേഷമായിരുന്നു പ്രശ്നങ്ങൾ. പൊലീസിന്റെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു. ഡി.ഐ.ജി അടക്കമെത്തി അനുനയ ചർച്ച നടത്തിയിരുന്നു. എന്നാൽ അനുനയത്തിന് വഴങ്ങാതെ പൂരം അവസാനിച്ചതായി തിരുവമ്പാടി ദേവസ്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്ന് റിപ്പോർട്ടിലുള്ളതായി സൂചനയുണ്ട്.

അതേസമയം, എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് തള്ളിയ ദേവസ്വങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. ആരെങ്കിലും ഇക്കാര്യമുന്നയിച്ച് കോടതിയെ സമീപിച്ച് ഉത്തരവ് നേടുന്നതൊഴിവാക്കാനാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പരിഗണിക്കുന്നത്.


Source link

Related Articles

Back to top button